കാസർകോട്: ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് ഹോസ്ദുർഗ് കോടതിയിൽ കീഴടങ്ങുമെന്ന അഭ്യൂഹം ശക്തമായിരുന്നെങ്കിലും അത് അഭ്യൂഹം മാത്രമായി അവശേഷിച്ചു. രാത്രി 7.30 ഓടെ മജിസ്ട്രേറ്റ് കോടതി വിട്ടതോടെ കാത്തുനിന്ന ഭാരീ പോലീസ് സന്നാഹവും മടങ്ങി. രാഹുലിന്റെ കീഴടങ്ങൽ പ്രതീക്ഷിച്ചത് വെറുതേയായി. രാഹുൽ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായെന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നെങ്കിലും അത് പോലീസ് നിഷേധിച്ചു.
ഉച്ചമുതൽ തന്നെ ഹോസ്ദുർഗ് കോടതി പരിസരത്ത് പോലീസിന്റെ കനത്ത സുരക്ഷാ വലയമുണ്ടായിരുന്നു. കോടതി സമയം കഴിഞ്ഞിട്ടും ജഡ്ജിയും മറ്റ് ഉദ്യോഗസ്ഥരും കാത്തിരുന്നു. രാഹുൽ എത്തിയേക്കുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും വലിയ ഒരുക്കമുണ്ടായതെന്നാണ് സൂചന. മാധ്യമപ്രവർത്തകരും നിരവധി പേർ കോടതി പരിസരത്ത് തടിച്ചുകൂടിയിരുന്നു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ലഭിച്ചില്ല.
കർണാടക അതിർത്തിക്ക് ഏറ്റവും അടുത്തുള്ള ജില്ലയായതിനാൽ രാഹുൽ ഒളിവിൽ കഴിയുന്നത് കാസർകോട് മലയോര മേഖലയിലോ പാണത്തൂർ-സുള്ളിയ പ്രദേശങ്ങളിലോ ആണെന്നാണ് പോലീസിന്റെ നിഗമനം. കോൺഗ്രസിന് ശക്തമായ സ്വാധീനമുള്ള പ്രദേശമെന്നതും രാഹുലിന്റെ സുഹൃത്തുക്കൾ ഇവിടെയുള്ളതും കണക്കിലെടുത്താണ് ഈ വിലയിരുത്തൽ. അതേസമയം, യുവമോർച്ചയും ഡിവൈഎഫ്ഐയും കോടുത്ത പ്രതിഷേധവുമായി കോടതിക്ക് മുന്നിൽ എത്തിയിരുന്നു.










