
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കേരളത്തിന്റെ പൊതുവികാരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാഹുലിനെതിരെ വ്യക്തമായ തെളിവുകളോടെ ഉയർന്ന ആരോപണങ്ങൾ കേരളത്തിൽ ഇതുവരെ ഒരു എംഎൽഎക്കെതിരെ ഉണ്ടായിട്ടില്ലെന്നും, എല്ലാ കോണിൽ നിന്നും അദ്ദേഹം രാജിവെക്കണമെന്ന ആവശ്യം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നവരെ കേരളം അംഗീകരിക്കില്ലെന്നും, വി കെ ശ്രീകണ്ഠൻ എംപിയുടെ പരാമർശം പിൻവലിക്കേണ്ടി വന്നത് ഇതിന്റെ ഉദാഹരണമാണെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
മുകേഷിനെതിരായ ആരോപണങ്ങൾ തെളിവില്ലാത്തവയാണെങ്കിലും, രാഹുലിനെതിരെ ഉയർന്ന തെളിവുകൾ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഗോവിന്ദൻ വ്യക്തമാക്കി. കോൺഗ്രസിന്റെ പുതിയ നേതൃത്വം ഇത്തരം ജീർണതയിലേക്ക് നീങ്ങുന്നത് ഗൗരവമുള്ള വിഷയമാണെന്നും, വി ഡി സതീശന് രാഹുലിന്റെ കാര്യത്തിൽ ഉത്തരം പറയേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവതിയുടെ പരാതികൾ അറിഞ്ഞിട്ടും രാഹുലിന് ഉയർന്ന സ്ഥാനങ്ങൾ നൽകിയെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ, സതീശൻ നടപടി എടുക്കുന്നതിനു പകരം പ്രമോഷൻ നൽകിയത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.