
കൊച്ചി : രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരായ ആരോപണത്തില്‍ വിവരങ്ങള്‍ തേടി എ ഐ സി സി നേതൃത്വം. നേതൃത്വത്തിന് കിട്ടിയ പരാതികള്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ദീപ ദാസ്മുന്‍ഷി കെ.പി.സി.സി നേതാക്കളോട് ആവശ്യപ്പെട്ടു കഴിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ.സ്ഥാനത്ത് നിന്ന് മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചനയിലാണ്. ആരോപണങ്ങള്‍ പുറത്ത് വരും മുന്‍പേ രാഹുലിനെതിരെ എ ഐ സി സിക്ക് പരാതികള്‍ കിട്ടിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പരാതികളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുക.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫും ഇതു സംബന്ധിച്ച അനൗദ്യോഗിക ചർച്ച നടത്തി. മുതിർന്ന നേതാക്കളുമായി കൂടുതൽ ചർച്ച നടത്തിയ ശേഷമാകും ഔദ്യോഗിക തീരുമാനം.
യുവ രാഷ്ട്രീയ നേതാവ് അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്നും വെളിപ്പെടുത്തി മാധ്യമ പ്രവർത്തകയും അഭിനേതാവുമായ റിനി ആൻ ജോർജ് ഇന്നലെയാണ് രംഗത്തെത്തിയത്. സമൂഹ മാധ്യമത്തിലൂടെയാണ് യുവ നേതാവിനെ പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുക്കാം വരണമെന്ന് യുവനേതാവ് ആവശ്യപ്പെട്ടെന്നും അപ്പോൾ തന്നെ പ്രതികരിച്ചുവെന്നും റിനി ആൻ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. കുറച്ച് നാളത്തേയ്ക്ക് കുഴപ്പമൊന്നും ഉണ്ടായില്ലെങ്കിലും പിന്നീട് അശ്ലീല സന്ദേശം അയക്കുന്നത് തുടർന്നു. മോശം സന്ദേശങ്ങൾ അയച്ചത് ഷോക്കിങായിരുന്നു. അശ്ലീല മെസേജ് അയച്ചപ്പോൾ ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു. എന്നാൽ പ്രമാദമായ സ്ത്രീ പീഡനക്കേസുകളിൽപ്പെട്ട രാഷ്ട്രീയ നേതാക്കൾക്ക് എന്ത് സംഭവിക്കും എന്നാണ് തിരിച്ച് ചോദിച്ചതെന്നും യുവ മാധ്യമ പ്രവർത്തക വെളിപ്പെടുത്തി. സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഇതേ വ്യക്തിയെക്കുറിച്ച് ആരോപണം ഉയർന്നിരുന്നു. ആരും മുന്നോട്ട് വരാതിരുന്നത് കൊണ്ടാണ് താനിപ്പോൾ തുറന്നു പറയുന്നത്. പല സ്ത്രീകൾക്കും സമാന അനുഭവം ഉണ്ടായി. ആരും തുറന്നു പറയാൻ തയാറാകുന്നില്ല. നേതാവിന്റെ പേര് പറയാൻ ഉദ്ദേശിക്കുന്നില്ല. ഇയാളിൽ നിന്നും വലിയ പ്രശ്‌നങ്ങൾ നേരിട്ട പെൺകുട്ടികൾ പ്രതികരിക്കാൻ വേണ്ടിയാണ് ഇപ്പോൾ തുറന്ന് പറഞ്ഞതെന്നും പല ഫോറങ്ങളിലും പരാതി പറഞ്ഞെങ്കിലും അതിന് കിട്ടിയത് ഹൂ കെയേഴ്‌സ് ആറ്റിറ്റിയൂഡാണെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.