രാഹുലിൻ്റെ ജാമ്യഹർജി ബുധനാഴ്ച പരിഗണിക്കും ; രാഹുൽ പാലക്കാടുണ്ടെന്ന് സൂചന, ഇന്നലെ തിരുവനന്തപുരത്തെത്തി

കൊച്ചി : നിയമവിരുദ്ധമായി ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നതടക്കം ചൂണ്ടിക്കാട്ടി യുവതി നൽകിയ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തലിൻ്റെ ജാമ്യ ഹർജി ബുധനാഴ്ച പരിഗണിക്കും. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

ഭര്‍ത്താവിരിക്കെയാണ് യുവതി രാഹുലുമായി ബന്ധപ്പെട്ടത് എന്ന ആരോപണം ഉയര്‍ന്നിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ മൊഴിക്കെതിരെ വിവാഹിതയ്ക്ക് എങ്ങിനെ വിവാഹ വാഗ്ദാനം നല്‍കുമെന്നും രാഹുൽ വാദിച്ചിരുന്നു. എന്നാൽ ഈ വാദത്തെ തള്ളുന്ന മൊഴിയാണ് യുവതിയുടേത്. വിവാഹബന്ധം നീണ്ടു നിന്നത് ഒരു മാസം മാത്രമാണെന്ന് യുവതി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ആദ്യ വിവാഹം നടന്നത് 2024 ഓഗസ്ത് 22ന് ഒരു ക്ഷേത്രത്തില്‍ വെച്ചാണ്. വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിട്ടില്ല. 4 ദിവസം മാത്രമാണ് ഒരുമിച്ച് താമസിച്ചത്. ഒരു മാസത്തിനുള്ളില്‍ ബന്ധം ഒഴിഞ്ഞുവെന്നും യുവതി അന്വേഷണസംഘത്തിന് കഴിഞ്ഞദിവസം കൊടുത്ത മൊഴിയില്‍ പറയുന്നു.

അതേസമയം, യുവതി വിവാഹിതയാണെന്ന കാര്യം തനിക്ക് അറിയാമായിരുന്നുവെന്ന് രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുമുണ്ട്. ഭര്‍ത്താവിന്റെ ഉപദ്രവങ്ങള്‍ വിവരിച്ചാണ് തന്നോട് സംസാരിച്ചതെന്നും, ആ ബന്ധമാണ് വളര്‍ന്നതും പിന്നീട് ലൈംഗികബന്ധത്തില്‍ എത്തിയത് എന്നും രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ അന്വേഷണ സംഘം ഇന്ന് യുവതിയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയെടുക്കും. ഡോക്ടറുടെ മൊഴി കേസില്‍ നിര്‍ണ്ണായകമാണ്.

അതേസമയം രാഹുൽ ഇപ്പോഴും ഒളിവിൽത്തന്നെ തുടരുകയാണ്. പാലക്കാട് ജില്ല വിട്ടാല്‍ അത് മുന്‍കൂര്‍ ജാമ്യത്തെ ബാധിക്കുമെന്ന് രാഹുലിന് നിയമോപദേശം ലഭിച്ചെന്നാണ് സൂചന.  ഒളിവിലുള്ള രാഹുൽ ഇന്നലെ തിരുവനന്തപുരത്തെത്തിയിരുന്നു. വഞ്ചിയൂരിലെ അഭിഭാഷകന്‍റെ ഓഫീസിലെത്തിയാണ് വക്കാലത്ത് ഒപ്പിട്ടതെന്ന് അഭിഭാഷകൻ വ്യക്തമാക്കി. 

Rahul’s bail plea to be considered on Wednesday.