
ന്യൂഡൽഹി: ട്രൈയിൻ യാത്രക്കാർക്ക് ആശ്വാസമായി ഉത്സവകാല സീസണിൽ കിടിലൻ പ്ലാനുമായി റെയിൽവേ. ഒക്ടോബർ, നവംബർ മാസങ്ങളിലെ നിശ്ചിത ദിവസങ്ങളിൽ ഒരേ ട്രെയിനിൽ ഇരുവശങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് മടക്ക ടിക്കറ്റിൽ 20 ശതമാനം കിഴിവ് റെയിൽവേ നൽകുന്നു. ട്രെയിൻ യാത്രക്കാരുടെ തിരക്കിന് പരിഹാരമായാണ് റെയിൽവേ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
രാജധാനി, ശതാബ്ദി, തുരന്തോ എന്നീ ട്രെയിനുകളിലെല്ലാം റെയിൽവേയുടെ റൗണ്ട് ട്രിപ്പ് പാക്കേജ് എന്ന പദ്ധതി പ്രകാരം ഈ ആനുകൂല്യം ലഭിക്കും. ഒക്ടോബർ 13 മുതൽ 26 വരെ യാത്ര ചെയ്യുന്നവർ അതേ ട്രെയിനിലാണ് നവംബർ 17 നും ഡിസംബർ ഒന്നിനും ഇടയിൽ മടങ്ങുന്നതെങ്കിൽ ടിക്കറ്റ് നിരക്കിൽ 20 ശതമാനം കിഴിവ് ലഭിക്കും. ഈ മാസം 14 മുതലുള്ള ടിക്കറ്റ് ബുക്കിങ്ങിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം. കൺഫോമായ ടിക്കറ്റിന് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. കൂടാതെ ഈ സ്‌കീമിന് കീഴിൽ ടിക്കറ്റ് എടുത്ത് റദ്ദാക്കിയാൽ റീ ഫണ്ട് ഉണ്ടാകില്ല. രണ്ട് യാത്രകളിലും മാറ്റങ്ങളും അനുവദിക്കില്ല.
ബുക്കിങ് വെബ്‌സൈറ്റിലെ കണക്ടിങ് ജേർണി ഫീച്ചർ ഉപയോഗിച്ചാണ് ഈ പാക്കേജ് ബുക്ക് ചെയ്യേണ്ടത്. രണ്ടു ഭാഗങ്ങളിലേക്കുമുള്ള യാത്രയും ഓരേ ട്രെയിനിൽ ആകണം. മടക്കയാത്രയുടെ ടിക്കറ്റ് നിരക്കിലാണ് ഇളവ് ലഭിക്കുക. ആവശ്യകതയ്ക്ക് അനുസരിച്ച് ടിക്കറ്റ് നിരക്ക് ഉയരുന്ന ട്രെയിനുകളിൽ ഇളവ് ലഭിക്കില്ല. കൂടാതെ രണ്ട് യാത്രാടിക്കറ്റുകളും ഒരാളുടെ പേരിൽ തന്നെ ബുക്ക് ചെയ്യണം.