
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കനത്തമഴ. വിമാന സര്‍വീസുകളെ ബാധിച്ചതിനാല്‍ യാത്രക്കാര്‍ക്ക് വിമാനക്കമ്പനികളില്‍നിന്നും വിമാനത്താവളത്തില്‍ നിന്നും മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉണ്ടായ ഇടിമിന്നലും ശക്തമായ കാറ്റും പുലര്‍ച്ചെയുണ്ടായ മഴയും വിമാന സര്‍വീസുകളെ താറുമാറാക്കി. ഇത് നിരവധി യാത്രക്കാരെയാണ് ബാധിച്ചത്. രാജ്യത്തെ ഏറ്റവും തിരക്കേറിയ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എല്ലാ ദിവസവും ഏകദേശം 1,300 വിമാന സര്‍വീസുകള്‍ നടക്കുന്നുണ്ട്.
പ്രതികൂല കാലാവസ്ഥ കാരണം വിവിധ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടതായി ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (DIAL) അറിയിച്ചു.
പ്രതികൂല കാലാവസ്ഥ വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ വിമാന സര്‍വീസുകളെ തടസ്സപ്പെടുത്തിയതായി എയര്‍ ഇന്ത്യ അറിയിച്ചു. ”ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള ഞങ്ങളുടെ ചില വിമാനങ്ങള്‍ വൈകുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നു, ഇത് ഞങ്ങളുടെ മൊത്തത്തിലുള്ള വിമാന ഷെഡ്യൂളിനെ ബാധിക്കാന്‍ സാധ്യതയുണ്ട്. തടസ്സങ്ങള്‍ പരമാവധി കുറയ്ക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നു,” എയര്‍ലൈന്‍ രാവിലെ 5:51 ന് എക്‌സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ പെയ്ത ശക്തമായ മഴ ഡല്‍ഹിയ്ക്കും നോയിഡ ഉള്‍പ്പെടെയുള്ള ദേശീയ തലസ്ഥാന മേഖലയ്ക്കും ഉഷ്ണതരംഗത്തില്‍ നിന്ന് ആശ്വാസം നല്‍കി. അടുത്ത മൂന്ന് ദിവസങ്ങളിലും കനത്ത മഴ, ഇടിമിന്നല്‍, ശക്തമായ കാറ്റ് എന്നിവ ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ദേശീയ തലസ്ഥാനത്ത് യെല്ലോ അലേര്‍ട്ടാണ്.