രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലിടിച്ചു, 7 ആനകൾ ചരിഞ്ഞു; 5 കോച്ചുകൾ പാളംതെറ്റി; അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ച് അസം സർക്കാരും റെയിൽവേയും

ഗുവാഹത്തി: അസമിലെ ഹോജായിൽ സായിരംഗ്–ന്യൂഡൽഹി രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലിടിച്ച് ഏഴ് ആനകൾ ചരിഞ്ഞു. ശനിയാഴ്ച പുലർച്ചെ 2.17ന് ലുംഡിംഗ് ഡിവിഷനിലെ ജമുനാമുഖ്-കാമ്പൂർ സെക്ഷനിലാണ് അപകടമുണ്ടായത്. ആനകളെ ട്രാക്കിൽ കണ്ടതോടെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിച്ചെങ്കിലും ട്രെയിൻ നിർത്താനായില്ല. ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി. ഭാഗ്യത്തിന് യാത്രക്കാർക്ക് ആർക്കും പരുക്കേറ്റില്ല.

നൂറോളം ആനകൾ ട്രാക്ക് കടക്കുന്നതിനിടെയാണ് ട്രെയിൻ എത്തിയതെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി. ചില ആനകൾ പാളത്തിൽ കുടുങ്ങി മരിക്കുകയായിരുന്നു. അപകടസ്ഥലം ആനകളുടെ ഇടനാഴിയായി പ്രഖ്യാപിച്ചിട്ടില്ലാത്ത പ്രദേശമാണ്. ആനകളുടെ ശരീരഭാഗങ്ങൾ ട്രാക്കിൽ ചിതറിക്കിടന്നതിനാൽ ഗതാഗതം താത്കാലികമായി തടസ്സപ്പെട്ടു. പാളംതെറ്റിയ കോച്ചുകളിലെ 200 യാത്രക്കാരെ മറ്റു കോച്ചുകളിലേക്ക് മാറ്റി ട്രെയിൻ പിന്നീട് യാത്ര തുടർന്നു.

ദാരുണമായ സംഭവത്തിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അന്വേഷണത്തിന് ഉത്തരവിട്ടു. ട്രെയിൻ ഗുവാഹത്തിയിൽ എത്തിയശേഷം കൂടുതൽ കോച്ചുകൾ ഘടിപ്പിച്ച് സർവീസ് പുനഃസ്ഥാപിക്കുമെന്ന് നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ അറിയിച്ചു. ആനകളും മനുഷ്യരും തമ്മിലുള്ള ഇത്തരം സംഘർഷങ്ങൾ തടയാൻ കൂടുതൽ മുൻകരുതലുകൾ ആവശ്യമാണെന്ന് സംഭവം വീണ്ടും ഓർമിപ്പിക്കുന്നു.

More Stories from this section

family-dental
witywide