തിരുവനന്തപുരം: ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പ്രകോപിതനായി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മരണത്തെക്കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനോട് അദ്ദേഹം ഭീഷണി മുഴക്കി. “ഞാൻ കാണിച്ചുതരാമെന്ന്” പറഞ്ഞ് ഭീഷണിപ്പെടുത്തിയ രാജീവ് ചന്ദ്രശേഖർ, ചോദ്യം ചോദിക്കരുതെന്ന് മാധ്യമപ്രവർത്തകനെ മർദ്ദിക്കുകയായിരുന്നു.
അനിലിന്റെ മരണം റിപ്പോർട്ട് ചെയ്യുന്നതിനിടെ, രാജീവ് ചന്ദ്രശേഖർ മാധ്യമപ്രവർത്തകനോട് “നിങ്ങളോട് ആരാണ് പറഞ്ഞത്? നിങ്ങൾ ഏത് ചാനലാണ്? മതി, അവിടെ ഇരുന്നാ മതി. നീ നിന്നാ മതി അവിടെ. നീ ചോദിക്കരുത്, നിങ്ങൾ ചോദിക്കരുത്” എന്നിങ്ങനെ പറഞ്ഞു. ആത്മഹത്യയെക്കുറിച്ചുള്ള ചോദ്യങ്ങൾ “നുണ പ്രചരിപ്പിക്കൽ” ആണെന്ന് ആരോപിച്ച അദ്ദേഹം, “ഞാൻ മറുപടി തരില്ല” എന്ന് വ്യക്തമാക്കി. മരിച്ച ഒരാളെക്കുറിച്ച് ഇങ്ങനെ സംസാരിക്കുന്നതിൽ നാണമില്ലേ എന്ന് മാധ്യമപ്രവർത്തകനെ തിരിച്ചടിച്ചു. “ശുദ്ധ നുണയാണ്, നിങ്ങൾ നുണ പറയുന്ന ചാനലാണ്. ഒരു നാണവുമില്ലാത്ത ചാനലാണ്” എന്ന് പറഞ്ഞ് മാധ്യമങ്ങളെ ആക്രമിച്ച അദ്ദേഹം, ആത്മഹത്യയുടെ കാരണങ്ങൾ സംബന്ധിച്ചുള്ള അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്ന ആരോപണങ്ങൾക്കും ഇടയാക്കി. രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നിട്ടുണ്ട്.













