
തിരുവനന്തപുരം : ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്നും സ്വർണം മോഷ്ടിച്ച കേസിൽ അന്വേഷണം പുരോഗമിക്കവെ ഗുരുതര ആരോപണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമലയിലെ കൊള്ള നാലര കിലോ സ്വർണ്ണത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല സന്നിധാനത്തെ പതിനെട്ടാം പടിയുടെ ഭാഗങ്ങളും കൊള്ളയടിച്ചുവെന്നാണ് രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നത്.
2015-ലെ യു.ഡി.എഫ് ഭരണകാലത്ത് പുതുക്കിപ്പണിത ശബരിമലയിലെ പുണ്യമായ പതിനെട്ടാം പടിയുടെ ഭാഗങ്ങൾ പോലും കൊള്ളയടിക്കപ്പെട്ടതായി അദ്ദേഹം ആരോപിച്ചു. ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കൂടി കടത്തിക്കൊണ്ടുപോയി അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങൾക്ക് വിറ്റുവെന്നും അദ്ദേഹം ആരോപിച്ചു.
നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) സത്യം പുറത്തുകൊണ്ടുവരാൻ കഴിയില്ലെന്നും, അതിനാൽ സിബിഐ (CBI) അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ രമേശ് ചെന്നിത്തല എസ് ഐ ടിക്ക് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലും അന്വേഷണം നടക്കുന്നുണ്ട്. ചെന്നിത്തലയും അദ്ദേഹത്തിന്റെ സുഹൃത്തായ വിദേശ വ്യവസായിയും വെളിപ്പെടുത്തിയ ഡി മണി ആരാണെന്നും ശബരിമല സ്വർണ കവർച്ചയിൽ ഇയാൾക്കുള്ള പങ്ക് എന്താണെന്നും പ്രത്യേക സംഘം അന്വേഷിക്കും.
Rajeev Chandrasekhar makes serious allegations about sabarimala gold theft case.













