
തിരുവനന്തപുരം : ഇന്നലെ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ച വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നേരത്തെ വേദിയിലെത്തിയതില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ വലിയ ട്രോള്‍ മഴയാണ് സമൂഹ മാധ്യമങ്ങളില്‍ പടരുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് രാജീവ് വേദിയിലിരിക്കുന്ന ചിത്രം പങ്കുവെച്ച് ആദ്യം വിമര്‍ശനം ഉന്നയിച്ചത്. പിന്നീടിത് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍ തന്നെ രംഗത്തെത്തി.
വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ താന്‍ നേരത്തെ വന്നതില്‍ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് സങ്കടമാണെന്നായിരുന്നു മന്ത്രി റിയാസിനെതിരെ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. മരുമകന്റെ സൂക്കേടിന് അദ്ദേഹം ഡോക്ടറെ പോയി കാണട്ടെയെന്നും ബി ജെ പി ചെയ്യാനുള്ളത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ചിലര്‍ക്ക് ഇനി ഉറക്കം ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പറഞ്ഞിരുന്നു. അത് ശരിയാണ്. ഇന്നലെ രാത്രി മുതല്‍ തന്നെ സി പി എമ്മുകാര്‍ ട്രോളുന്നുവെന്നും രാജീവ് മറുപടി പറഞ്ഞു.
തന്നെ എത്ര വേണമെങ്കിലും ട്രോളിക്കോട്ടെ, എന്തു വേണമെങ്കിലും പറഞ്ഞോളൂ. ബി ജെ പിയുടെയും എന്‍ ഡി എയുടെയും ട്രെയിന്‍ വിട്ടുകഴിഞ്ഞു. ഈ ട്രെയിനില്‍ ആര്‍ക്കുവേണമെങ്കിലും കയറാം, മരുമകന് വേണമെങ്കിലും കയറാം. വികസിത കേരളമാണ് ലക്ഷ്യം, അത് പൂര്‍ത്തീകരിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.