തൃശൂർ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ നേമം മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു. തൃശൂർ പ്രസ്‌ക്ലബ്ബിന്റെ ‘വോട്ട് വൈബ്’ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. “ഞാൻ മത്സരിക്കും, വേണമെങ്കിൽ ഏത് മണ്ഡലമാണെന്നും പറയാം” എന്ന് പറഞ്ഞതിന് പിന്നാലെ “നേമം” എന്ന് വ്യക്തമാക്കുകയായിരുന്നു. പാർട്ടിയിൽ ഔദ്യോഗിക സ്ഥാനാർഥി ചർച്ചകൾ പോലും ആരംഭിക്കുന്നതിന് മുമ്പേ സംസ്ഥാന അധ്യക്ഷൻ തന്നെ മണ്ഡലം പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്.
നേമം ബിജെപിക്ക് കേരളത്തിൽ ആദ്യമായി എംഎൽഎ സീറ്റ് നേടിക്കൊടുത്ത മണ്ഡലമാണ്. 2016-ൽ ഒ. രാജഗോപാൽ വിജയിച്ചതോടെ പാർട്ടി നിയമസഭയിലെത്തി. 2021-ൽ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തി സിപിഎമ്മിന്റെ വി. ശിവൻകുട്ടി പിടിച്ചെടുത്തെങ്കിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ മത്സരിച്ച രാജീവ് ചന്ദ്രശേഖർ നേമത്ത് ശക്തമായ ലീഡ് നേടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വ പ്രഖ്യാപനം.
ശശി തരൂർ ബിജെപിയിലേക്ക് വരുമോ എന്ന ചോദ്യത്തിന് “എനിക്ക് അങ്ങനെയൊരു പ്രതീക്ഷയില്ല” എന്ന് രാജീവ് ചന്ദ്രശേഖർ മറുപടി നൽകി. നേമം മണ്ഡലത്തിൽ ശക്തമായ സംഘടനാ പ്രവർത്തനം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ ചരിത്ര വിജയം കൊയ്യുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.









