മുഖ്യ വിവരാവകാശ കമ്മീഷണറായി രാജ്‌കുമാർ ഗോയൽ ചുമതലയേറ്റു

ന്യൂഡൽഹി: മുഖ്യ വിവരാവകാശ കമ്മീഷണറായി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ രാജ്‌കുമാർ ഗോയൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ഗോയലിനെ മുഖ്യവിവരാവകാശ കമ്മീഷണറായി നിർദ്ദേശിച്ചിരുന്നു. എട്ട് വിവരാവകാശ കമ്മീഷണർമാരുടെ പേരുകളും ശുപാർശ ചെയ്തു‌. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്സ‌ഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഉൾപ്പെടുന്നതാണ് സമിതി.

അരുണാചൽ പ്രദേശ്, ഗോവ, മിസോറാം-കേന്ദ്രഭരണ (എജിഎംയുടി) കേഡറിലെ 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗോയൽ. ഓഗസ്റ്റ് 31 ന് നിയമ-നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള നീതിന്യായ വകുപ്പിന്റെ സെക്രട്ടറിയായി വിരമിച്ചു. ആഭ്യന്തര മന്ത്രാലയത്തിൽ സെക്രട്ടറി (ബോർഡർ മാനേജ്മെന്റ്) ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്രത്തിലും മുൻ ജമ്മു കശ്‌മീർ സംസ്ഥാനത്തിലും പ്രധാന പദവികൾ വഹിച്ചിട്ടുണ്ട്.

സെപ്റ്റംബർ പതിമൂന്നിന് ഹീരാലാൽ സമാരിയയുടെ കാലാവധി അവസാനിച്ചതോടെ മുഖ്യ വിവരാവകാശ കമ്മീഷണറുടെ തസ്‌തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു. കഴിഞ്ഞ ഒമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കമ്മീഷൻ്റെ മുഴുവൻ തസ്‌തികകളും നികത്തപ്പെടുന്നത് ആദ്യമാണ്. മുഖ്യ വിവരാവകാശ കമ്മീഷണറും പരമാവധി പത്ത് കമ്മീഷണർമാരും അടങ്ങുന്നതാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ. നിലവിൽ രണ്ട് കമ്മീഷണർമാർ മാത്രമാണുള്ളത്. ആനന്ദി രാമലിംഗവും വിനോദ് കുമാർ തിവാരിയുമാണ് ഇപ്പോഴത്തെ വിവരാവാകാശ കമ്മീഷണർമാർ.

Rajkumar Goyal takes charge as Chief Information Commissioner

More Stories from this section

family-dental
witywide