‘ചരിത്രവും ഭൂമിശാസ്ത്രവും മാറ്റിമറിക്കുന്ന തിരിച്ചടിയുണ്ടാകും’; സർ ക്രീക്കിൽ പാകിസ്ഥാന്റെ സൈനിക നീക്കങ്ങൾക്കെതിരെ ഇന്ത്യയുടെ കടുത്ത മുന്നറിയിപ്പ്

ഗുജറാത്ത് തീരത്തോട് ചേർന്നുള്ള സർ ക്രീക്ക് മേഖലയിൽ പാകിസ്ഥാൻ സൈനിക സാന്നിധ്യവും അടിസ്ഥാനസൗകര്യങ്ങളും വർധിപ്പിച്ചതിനെതിരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കടുത്ത മുന്നറിയിപ്പ് നൽകി. ഈ പ്രദേശത്ത് പാകിസ്ഥാൻ ഏതെങ്കിലും തെറ്റായ നീക്കം നടത്തിയാൽ, അത് ‘ചരിത്രവും ഭൂമിശാസ്ത്രവും മാറ്റിമറിക്കുന്ന’ ശക്തമായ പ്രതികരണത്തിന് കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ‘കറാച്ചിയിലേക്കുള്ള ഒരു വഴി സർ ക്രീക്കിലൂടെയാണ്’ എന്ന് ഓർക്കണമെന്നും ഇന്ത്യയിൽ നിന്ന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം പാകിസ്ഥാനെ ഓർമിപ്പിച്ചു.

റാൻ ഓഫ് കച്ചിലെ 96 കിലോമീറ്റർ നീളമുള്ള സർ ക്രീക്ക്, ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വർഷങ്ങളായി തർക്കം നിലനിൽക്കുന്ന ചതുപ്പുനിലമാണ്. പാകിസ്ഥാൻ ഈ മേഖലയിൽ സൈനിക അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിച്ചത് അവരുടെ ഉദ്ദേശങ്ങൾ വ്യക്തമാക്കുന്നുവെന്ന് രാജ്നാഥ് സിംഗ് ആരോപിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം 78 വർഷം പിന്നിട്ടിട്ടും, പാകിസ്ഥാൻ ഈ അതിർത്തി തർക്കം ഉന്നയിക്കുന്നുവെന്നും, ഇന്ത്യ ചർച്ചയിലൂടെ വിഷയം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പാകിസ്ഥാൻ അതിന് തയ്യാറല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യൻ സൈന്യവും ബിഎസ്എഫും ചേർന്ന് അതിർത്തിയിൽ ജാഗ്രതയോടെ പ്രവർത്തിക്കുകയാണെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി. സർ ക്രീക്കിൽ പാകിസ്ഥാൻ ഏതെങ്കിലും സാഹസിക നീക്കം നടത്തിയാൽ, അതിന് ശക്തമായ മറുപടി ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 1965-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം ലാഹോർ വരെ മുന്നേറിയ ചരിത്രം ഓർമിപ്പിച്ച അദ്ദേഹം, ‘കറാച്ചിയിലേക്കുള്ള വഴി ഈ ക്രീക്കിലൂടെയാണെന്ന് പാകിസ്ഥാൻ മറക്കരുത്’ എന്നും, ഏതെങ്കിലും തെറ്റായ നീക്കത്തിന് കനത്ത വില നൽകേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.

More Stories from this section

family-dental
witywide