
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുന്നണി വിപുലീകരണ ചര്‍ച്ചകള്‍ സജീവമാക്കുന്ന യുഡിഎഫ് ഇത്തവണ ആര്‍ജെഡിയും കൂടെ കൂട്ടാൻ സാധ്യത. ഇന്നലെ ഉച്ചയ്ക്ക് കോഴിക്കോട് വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല ആര്‍ജെഡി നേതാവ് എം വി ശ്രേയാംസ് കുമാറുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി വിപുലീകരിക്കാനായി എല്‍ഡിഎഫില്‍ അസംതൃപ്തരായ പാര്‍ട്ടികളെ യുഡിഎഫിലേക്ക് എത്തിക്കാനാണ് നീക്കം.
കേരള കോണ്‍ഗ്രസ് എം, ആര്‍ജെഡി അടക്കമുള്ള കക്ഷികളെയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് രമേശ് ചെന്നിത്തലയും എം വി ശ്രേയാംസ് കുമാറും കൂടിക്കാഴ്ച നടത്തിയത്. അതേസമയം എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറുന്നതിനെ ആര്‍ജെഡിയിലെ ഒരു വിഭാഗം ശക്തമായി എതിര്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ മുന്നണി വിട്ടാല്‍ ആര്‍ജെഡി പിളരുമോ എന്നാണ് എം വി ശ്രേയാംസ് കുമാറിന്റെ ആശങ്ക. എന്നാൽ എം വി ശ്രേയാംകുമാറുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് രമേശ് ചെന്നിത്തല കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിച്ചു.