
ഹൈദരാബാദ്: വാതുവെപ്പ് ആപ്പുകൾ പ്രോത്സാഹിപ്പിച്ചെന്ന പരാതിയിൽ ചലച്ചിത്ര താരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ഉൾപ്പെടെ 25 പേർക്കെതിരെ കേസെടുത്തു. നടന്മാരായ റാണ ദഗ്ഗുബട്ടി, പ്രകാശ് രാജ്, വിജയ് ദേവരകൊണ്ട, നടിമാരായ മാഞ്ചു ലക്ഷ്മി, നിധി അഗർവാൾ, പ്രണീത എന്നിവരടക്കമുള്ളവർക്കെതിരെ തെലങ്കാന പൊലീസാണ് കേസെടുത്തത്. സൈബരാബാദ് പൊലീസ് സ്റ്റേഷനിൽ ഞായറാഴ്ചയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
നിയമവിരുദ്ധമായ വാതുവെപ്പ്- ചൂതാട്ടം – കാസിനോ ആപ്പുകൾ പ്രോത്സാഹിപ്പിക്കുകയും പൊതുജനങ്ങൾക്ക് സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുകയും ചെയ്തതെന്നാണ് പരാതി. റാണ ദഗ്ഗുബട്ടിയെ ഒന്നാം പ്രതിയും പ്രകാശ് രാജിനെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്. പോപ്പ്-അപ്പ് പരസ്യങ്ങളിലൂടെ ജംഗ്ലി റമ്മി എന്ന ആപ്പ് പ്രമോട്ട് ചെയ്തതിലാണ് ഇവർക്കെതിരെ കേസ്.
എ23 റമ്മി, യോലോ 247, ഫെയർപ്ലേ ലൈവ്, ജീത്ത് വിൻ തുടങ്ങിയ ആപ്പുകൾ പ്രോത്സാഹിപ്പിച്ചെന്ന പരാതിയിലാണ് വിജയ് ദേവരകൊണ്ട അടക്കം മറ്റുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ‘അന്വേഷണം പ്രാരംഭ ഘടത്തിലാണെന്നും ഉൾപ്പെട്ടിരിക്കുന്ന ആളുകൾ ആരൊക്കെയാണെന്നും ആപ്പുകളുടെ ഉറവിടം എന്താണെന്നതുമടക്കമുള്ള മറ്റു വശങ്ങൾ പരിശോധിക്കുമെന്നും, പൊലീസ് വ്യക്തമാക്കി.
ഭാരതീയ ന്യായ സംഹിതയലെ സെക്ഷൻ 318(4), 112, 49, തെലങ്കാന സ്റ്റേറ്റ് ഗെയിമിങ് ആക്ട് (TSGA) സെക്ഷൻ 3, 3(A), 4, ഇൻഫർമേഷൻ ടെക്നോളജി (ഐടി) ആക്ട് സെക്ഷൻ 66(D)എന്നീ വകുപ്പുകൾ പ്രകാരമാണ് ചലച്ചിത്ര താരങ്ങൾക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും എതിരെ പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്ത്. പി.എം പനീന്ദ്ര ശർമ്മ എന്നയാൾ നൽകിയ പരാതിയിലാണ് കേസ് എടുത്തത്.