
തിരുവനന്തപുരം: മുംബൈ ഭീകരാക്രമണത്തിന് മുന്‍പായി പ്രതി തഹാവൂര്‍ റാണ കൊച്ചിയിൽ എത്തിയിരുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ. റാണ കൊച്ചിയിൽ ഒരുപാട് തവണ വന്നുവെന്നും ഇമിഗ്രേഷന്‍ വകുപ്പിൽ അതിനുള്ള തെളിവുകളുണ്ടെന്നുമാണ് ബെഹ്റ പറയുന്നത്. ദേശീയ അന്വേഷണ ഏജൻസിയുടെ തീവ്രവാദത്തിന്‍റെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സെല്ലിന്‍റെ തലവനായിരുന്നു ബെഹ്‌റ. നേരത്തെ, മുംബൈ ഭീകരാക്രമണത്തിന്‍റെ മറ്റൊരു സൂത്രധാരനായ ഡേവിഡ് ഹെഡ്‌ലിയെ ചോദ്യം ചെയ്യുന്ന സംഘത്തില്‍ ബെഹ്‌റയും ഉള്‍പ്പെട്ടിരുന്നു.
നവംബര്‍ പകുതിയോടെ റാണ കൊച്ചിയിലെത്തി. മറൈന്‍ ഡ്രൈവിലെ താജ് ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഭീകരാക്രമണത്തിന് ശേഷം താജ് ഗ്രൂപ്പ് അവരുടെ ഹോട്ടല്‍ ശൃംഖലകളില്‍ താമസിച്ചിരുന്ന വിദേശികളുടെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നൽകിയിരുന്നു. അതില്‍ റാണയുടെ പേരും ഉണ്ടായിരുന്നുവെന്നും ബെഹ്റ പറഞ്ഞു.
റാണ എന്തിന് കൊച്ചിയില്‍ വന്നുവെന്ന് എന്‍ഐഎ അന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ.
അതേസമയം, മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ പാക്കിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ ഡൽഹിയിലെത്തിച്ച് എൻഐഎ അറസ്റ്റ് ചെയ്തു. പ്രത്യേകമയച്ച വ്യോമസേനയുടെ വിമാനത്തിൽ ഉച്ചക്ക് മൂന്നോടെയാണ് ഡല്‍ഹിയിലെ പാലം വ്യോമതാവളത്തില്‍ റാണയെ എത്തിച്ചത്.