രന്യ റാവുവിനെ എയർപോർട്ട് പരിശോധനയിൽ നിന്ന് ഒഴിവാക്കിയ ഡിജിപി, രണ്ടാനച്ഛൻ; രാമചന്ദ്ര റാവുവിനെ നിർബന്ധിത അവധിയിലാക്കി കർണാടക സർക്കാർ

ബെംഗളൂരു: രാജ്യത്തെ നടുക്കിയ സ്വർണക്കള്ളക്കടത്ത് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന കന്നട നടി രന്യ റാവുവിന്റെ രണ്ടാനച്ഛൻ ഡി.ജി.പി കെ. രാമചന്ദ്ര റാവുവിന് നിർബന്ധിത അവധി ഉത്തരവിട്ട് കർണാടക സർക്കാർ. സ്വർണക്കടത്തിൽ ഡിജിപിയുടെ പങ്ക് അന്വേഷിക്കാൻ കർണാടക സർക്കാർ നിയോഗിച്ച അഡി. ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ ശിപാർശ വന്നതിന് പിന്നാലെയാണ് നടപടി. രാമചന്ദ്ര റാവുവിന്റെ നിർദേശപ്രകാരം ആണ് രന്യയെ എയർപോർട്ടിലെ പരിശോധനയിൽ നിന്ന് ഒഴിവാക്കി പൊലീസ് എസ്‌കോർട്ടോടെ പുറത്തേക്ക് കൊണ്ട് വന്നത് എന്ന് ഡിആർഐയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്നാണ് അനിശ്ചിതകാലത്തേക്ക് നിർബന്ധിത അവധിയിൽ പോകാൻ കർണാടക സർക്കാർ ഉത്തരവിറക്കിയത്.

രാമചന്ദ്ര റാവു നിലവിൽ കർണാടക സ്റ്റേറ്റ് പൊലീസ് ഹൗസിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറാണ്. ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ർ​ണാ​ട​ക​ ഡി.​ജി.​പി റാ​ങ്കി​ലു​ള്ള ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ ‘മകൾ’ എന്ന നിലയിലുള്ള പ്രോട്ടോക്കോൾ സൗകര്യം ഉപയോഗിച്ചാണ് നടി 27 തവണ വിദേശത്തുനിന്ന് ബംഗളൂരു വിമാനത്താവളത്തിലെ ഗ്രീൻ ചാനലിലൂടെ ഇറങ്ങി പൊലീസ് അകമ്പടിയോടെ താമസസ്ഥലത്തേക്ക് പോയിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.

മാർച്ച് 3ന് ദുബായിൽനിന്നു ബെംഗളൂരൂ വിമാനത്താവളത്തിലെത്തിയ നടിയെ ഡിആർഐ സംഘം 12.56 കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി പിടികൂടുകയായിരുന്നു. ബെൽറ്റിൽ ഒളിപ്പിച്ച നിലയിൽ 14 സ്വർണക്കട്ടികളും ശരീരത്തിൽ അണിഞ്ഞിരുന്ന 800 ഗ്രാം സ്വർണവുമാണ് ഡിആർഐ സംഘം നടിയിൽ നിന്നു പിടികൂടിയത്. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ 2.06 കോടി രൂപ വിലമതിക്കുന്ന സ്വർണവും 2.67 കോടി രൂപയും ഡിആർഐ സംഘം കണ്ടെടുത്തിരുന്നു.കെ. രാമചന്ദ്രനെതിരെ നേരത്തേ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. മൈസൂരില്‍ ഐജിയായിരിക്കെ സ്വർണവ്യാപാരിയിൽനിന്നു 2 കോടിരൂപ പിടിച്ചെടുത്തെന്നും രേഖയിൽ വെറും 20 ലക്ഷം രൂപ മാത്രം കാണിച്ചെന്നുമായിരുന്നു ആരോപണം. സംഭവത്തിൽ സ്വർണവ്യാപാരി നൽകിയ പരാതിയിൽ രാമചന്ദ്രയുടെ ഗൺമാനെ കവർച്ചാക്കുറ്റം ചുമത്തി പിടികൂടുകയും ചെയ്തിരുന്നു.

More Stories from this section

family-dental
witywide