
കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പർ വേടനെ അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് തിങ്കളാഴ്ച വരെ ഹൈക്കോടതി നീട്ടി. വിവാഹ വാഗ്ദാനം നൽകി എന്നത് മാത്രം ക്രിമിനൽ കുറ്റത്തിന് കാരണമായി കണക്കാക്കാൻ ആവില്ലെന്നും തെളിവുകൾ തിങ്കളാഴ്ചയ്ക്കുള്ളിൽ ഹാജരാക്കണമെന്നും പരാതിക്കാരിയ്ക്ക് കോടതി നിർദേശം നൽകി. പ്രതി മുൻകൂർ ജാമ്യം തേടിയാണ് സമീപിച്ചിരിക്കുന്നത്. തീരുമാനം പറയേണ്ടതുണ്ടെന്നും കേസ് നീട്ടികൊണ്ടുപോകാൻ ആകില്ല. നിയമപരമായ വസ്തുതകൾ മാത്രമാണ് കോടതിക്ക് പരിശോധിക്കാൻ സാധിക്കുകയെന്നും പെൺകുട്ടിയുടെ വിഷാദ രോഗം എപ്പോൾ തുടങ്ങി എന്നതിന് മതിയായ തെളിവുകൾ ഇല്ലെന്നും കോടതി പറഞ്ഞു.
സ്നേഹ ബന്ധത്തിലെ തകർച്ച മാത്രം വിഷാദ രോഗത്തിന് കാരണമായി കണക്കാക്കാൻ ആവില്ലെന്ന് കോടതി നിരീക്ഷിച്ചു. അത് ഒരു കാരണം മാത്രമാണെന്നും മറ്റ് കാരണങ്ങൾ ഉണ്ടായിക്കൂടെയെന്ന് കോടതി ചോദിച്ചു. അതേസമയം, വേടൻ സമൂഹത്തിൽ വലിയ സ്വാധീനമുള്ളയാളാണെന്നും ജാമ്യം നൽകിയാൽ തെറ്റായ സന്ദേശം നൽകുമെന്നും പരാതിക്കാരി കോടതിയിൽ വാദിച്ചു. ഒരുപാട് യുവതികൾ ഇയാൾക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു. വേടനെതിരെ നിരവധി പേരുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഉണ്ടെന്ന് അഭിഭാഷക വാദിച്ചു.
വാദത്തിൽ ഹൈക്കോടതി പരാതിക്കാരിയുടെ അഭിഭാഷകയെ രൂക്ഷമായാണ് വിമർശിച്ചു. ഫേസ്ബുക്കിലെ പോസ്റ്റുകൾ മാത്രം പറയരുത്. പരാതിക്കാരിയുടെ മൊഴി കോടതിക്ക് മുമ്പിലുണ്ട്. മൂന്നാമത് ഒരാൾ ഇട്ട ഫേസ്ബുക്ക് പോസ്റ്റുകൾ കോടതിയിൽ പറയേണ്ടതില്ല എന്നും കോടതി അഭിഭാഷകയോട് പറഞ്ഞു. എന്നാൽ ഫേസ്ബുക്ക് പോസ്റ്റുകൾ പരിഗണിക്കാറുണ്ട് എന്ന് അഭിഭാഷക വാദിച്ചപ്പോൾ ഏത് കോടതി, ഏത് പോസ്റ്റ് എന്ന് കോടതി ചോദിച്ചു. ബുധനാഴ്ച വരെ പരാതിക്കാരി തെളിവ് ഹാജരാക്കാൻ സമയം ചോദിച്ചെങ്കിലും തിങ്കളാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.