
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ എ. ചന്ദ്രശേഖർ ചുമതലയേൽക്കും. 1991 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനായ റവാഡയെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) ശുപാർശ ചെയ്ത മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ പട്ടികയിൽ നിന്നാണ് ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭ യോഗത്തിൽ തിരഞ്ഞെടുത്തത്. നിലവിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ (ഐ.ബി) സ്‌പെഷൽ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ചന്ദ്രശേഖർ, ജൂൺ 30-ന് വിരമിക്കുന്ന ഷെയ്ഖ് ദർവേഷ് സാഹിബിന്റെ പിൻഗാമിയായാണ് നിയമിതനാകുന്നത്.
നിതിൻ അഗർവാൾ, യോഗേഷ് ഗുപ്ത എന്നിവരായിരുന്നു യു.പി.എസ്.സി ശുപാർശ ചെയ്ത പട്ടികയിലെ മറ്റ് ഉദ്യോഗസ്ഥർ. എന്നാൽ, സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലും മുൻപരിചയത്തിന്റെ പിൻബലത്തിലും റവാഡ ചന്ദ്രശേഖറിനാണ് മുൻഗണന ലഭിച്ചത്. 1989 ബാച്ചിലെ ഉദ്യോഗസ്ഥനായ നിതിൻ അഗർവാൾ കേരള റോഡ് സേഫ്റ്റി അതോറിറ്റി കമ്മീഷണറായടക്കം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചന്ദ്രശേഖറിന്റെ ഐ.ബി.യിലെ പ്രവർത്തന പരിചയവും കേരള കേഡറിലെ മുൻകാല സേവനവും അദ്ദേഹത്തിന് അനുകൂലമായി.
1991 ൽ ഐപിഎസ് നേടിയെടുത്ത റവാഡ കർഷകനായ അച്ഛൻെറ ആഗ്രഹം കൂടിയാണ് സഫലമാക്കിയത്. തലശേരി എഎസ്പിയായിരുന്നു തുടക്കം. കയ്പു നിറഞ്ഞതായിരുന്നു തുടക്കം. കൂത്തുപറമ്പു വെടിവയ്പ്പിനെ തുടർന്ന് സസ്പെഷനിലായി. സർവ്വീസിൽ തിരിച്ചെത്തി റവാഡ ആത്മവിശ്വാസവും ചിരിയും കൈവിട്ടില്ല. വിവിധ ജില്ലകളിൽ പൊലിസ് മേധാവിയായി പേരെടുത്തു.
തിരുവനന്തപുരത്ത് പൊലീസ് കമ്മീഷണറായപ്പോൾ കൂടുതൽ ശ്രദ്ധ നേടി. ഇടക്ക് യുഎൻ ഡെപ്യൂട്ടഷനിൽ പോയി. മടങ്ങിയെത്തി ശേഷം എസ്‌സിആർബിയിൽ ഐജിയായി. ഏറെ വൈകാതെ ഐബിയിലേക്ക് വീണ്ടും ഡെപ്യൂട്ടേഷനിൽ പോയി. നക്സൽ ഓപ്പറേഷൻ ഉള്‍പ്പെടെ രഹസ്യന്വേഷണ വിഭാഗത്തിലെ നിർണായക തസ്തികളിൽ ജോലി ചെയ്തു. ഐബിയുടെ സ്പെഷ്യൽ ഡയറക്ടറായി ഉയർത്തപ്പെട്ടു. ഇതിനിടെയാണ് സംസ്ഥാന പൊലീസ് മേധാവി തസ്തികയിലേക്ക് വരാൻ താൽപര്യമറിയിച്ചത്. പട്ടികയില രണ്ടാം സ്ഥാനക്കാരനായി ആന്ധ്ര വെസ്റ്റ് ഗോദാവരി ജില്ലക്കാരൻ. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ വിശിഷ്ട- സ്തുത്യർഹ മഡലുകള്‍ ലഭിച്ചിട്ടുണ്ട്. സരിതയാണ് ഭാര്യ. കാർത്തിക്, വസിഷ്ഠ് എന്നിവരാണ് മക്കള്‍.