
ന്യൂഡൽഹി: ഇന്ത്യൻ എയർഫോഴ്‌സിൻ്റെ (IAF) 93-ാം വാർഷികം ആഘോഷിച്ചപ്പോൾ, ആകാശത്തിലെ കാഴ്ചകളേക്കാൾ കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത് ഒരു ഡിന്നർ മെനുവാണ്. പാകിസ്ഥാനിലെ വിവിധ നഗരങ്ങളുടെ വിഭവങ്ങളായിരുന്നു ഭക്ഷണപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. സോഷ്യൽ മീഡിയയിലാകെ ഈ മെനു ബോർഡിനെ ട്രോളിയും റോസ്റ്റ് ചെയ്തും നിരവധി പേർ രംഗത്തെത്തി.
റാവൽപിണ്ടി ചിക്കൻ ടിക്ക മസാല,റഫീഖി റഹര മട്ടൺ, സുക്കൂർ ഷാം സവേര കോഫ്ത, സർഗോധ ദാൽ മഖാനി, ബോലാരി പനീർ മെത്തി മലായ്, ജാക്കൊബാബാദ് മേവ പുലാവ്, ബഹാവൽപുർ നാൻ എന്നി വിഭവങ്ങളാണ് മെനുവിലുള്ളത്. ഡേസേർട്ടുകളായി ബാലാക്കോട്ട് തിറാമിസു, മുജാഫ്‌ഫറാബാദ് കുൽഫി ഫലൂദ, മുറീദ്‌കെ മീഠാ പാൻ എന്നിവയുമുണ്ട്.
അതേസമയം, ഈ പേരുകൾ എല്ലാം ഭീകരതയ്‌ക്കെതിരെ പാകിസ്ഥാനിൽ IAF നടത്തിയ പ്രധാന ലക്ഷ്യസ്ഥാനങ്ങളാണ്. ഓപ്പറേഷൻ സിന്ദൂറിൽ അടക്കം ഇന്ത്യ ആക്രമിച്ച നഗരങ്ങളാണ് ഇവ. റഫീഖി, ഭോലാരി, സുക്കർ, മുറീദ്‌കെ തുടങ്ങിയ പാകിസ്ഥാനിലെ വ്യോമസേനാ താവളങ്ങളാണ് ഓപ്പറേഷൻ സിന്ദൂരിൽ IAF തകർത്തത്. ഡെസേർട്ടായി നൽകിയ ബാലാക്കോട്ട്, മുജാഫ്‌ഫറാബാദ് തുടങ്ങിയവ മുൻകാല ആക്രമണങ്ങളിൽ ഇന്ത്യ പ്രധാനമായും ലക്ഷ്യമിട്ട സ്ഥലങ്ങളാണ്.
ഇന്ത്യ ലഷ്കർ-എ-തൊയ്ബയുടെ കേന്ദ്രമായ മുറീദ്‌കെ പൂർണ്ണമായും തകർത്തതതും പരോക്ഷമായി ട്രോൾ ചെയ്യപ്പെടുന്നു. എന്നാൽ, സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ഈ മെനുവിന്റെ ഔദ്യോഗികത സ്ഥിരീകരിച്ചിട്ടില്ല. IAF ഡേയുടെ റെഹേഴ്‌സലിനിടെ രണ്ട് വിമാനങ്ങൾ “റഫീഖി”യും “ഷെഹ്ബാസ്” എന്ന കോൾസൈൻ ഉപയോഗിച്ച് പറന്നതായും റിപ്പോർട്ടുണ്ട്. പാകിസ്ഥാന്റെ സ്വന്തം നേതാക്കളുടെ പേരുകളാണ് ട്രോളിയിരിക്കുന്നത്.