
ഇസ്ലാമാബാദ്: ഇക്കഴിഞ്ഞ ഏപ്രില്‍ 22ന് 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തോടെ ഇന്ത്യ-പാക്ക് ബന്ധം കൂടുതല്‍ വഷളായിരുന്നു. ഇതില്‍ പാക്കിസ്ഥാന്റെ ബന്ധം കണ്ടെത്തിയതോടെ ഇന്ത്യ കര്‍ശന നടപടിയിലേക്ക് കടക്കുകയും പാക് ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നുപേരിട്ട ഈ വ്യോമാക്രമണത്തില്‍ കനത്ത തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. ഒടുവില്‍ പാക്കിസ്ഥാന്റെ ആവശ്യപ്രകാരം വെടിനിര്‍ത്തല്‍ കരാറില്‍ എത്തുകയായിരുന്നു.
ഇപ്പോഴിതാ കശ്മീര്‍ പ്രശ്‌നം ഉള്‍പ്പെടെ ഇന്ത്യയുമായി എല്ലാ വിഷയത്തിലും സംയുക്ത ചര്‍ച്ചയ്ക്കു തയാറാണെന്ന് പാക്ക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ധര്‍. എന്നാല്‍ എന്നാല്‍ ഇക്കാര്യത്തില്‍ യാചിക്കാനില്ലെന്നും ഡപ്യൂട്ടി പ്രധാനമന്ത്രി കൂടിയായ അദ്ദേഹം പറയുന്നു. ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ പാക്കിസ്ഥാന്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും ധര്‍ പറഞ്ഞു.
”ഇന്ത്യയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും വിധത്തിലുള്ള ആക്രമണമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കും. ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ ആകാശത്തിലും കരയിലും പാക്ക് സൈന്യം ശക്തി തെളിയിച്ചതാണ്” ധര്‍ പറഞ്ഞു. ഇന്ത്യ-പാക്ക് സംഘര്‍ഷത്തില്‍ നയതന്ത്ര ഇടപെടലുകളിലൂടെ പാക്കിസ്ഥാന്റെ ആഖ്യാനം ലോകരാജ്യങ്ങള്‍ സ്വീകരിച്ചതാണെന്നും മന്ത്രി അവകാശപ്പെട്ടു.
2003ല്‍ പര്‍വേഷ് മുഷറഫ് പ്രസിഡന്റായിരുന്ന കാലത്ത് ഇന്ത്യയും പാക്കിസ്ഥാനും പാക്ക് അധിനിവേശ കശ്മീര്‍ തിരികെ നല്‍കല്‍, ഭീകരവാദം എന്നീ വിഷയങ്ങളില്‍ സംയുക്ത ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തോടെ ചര്‍ച്ചകള്‍ വഴിമുട്ടി. പഹല്‍ ഭീകരാക്രമണം കൂടിയായപ്പോള്‍ ഇരുരാജ്യങ്ങളും കടുത്ത ശത്രുതയിലേക്ക് നീങ്ങി.