
കോട്ടയം: നോട്ടറിയാകാനുള്ള പട്ടികയിൽ പേരുണ്ട്. വിവിധ ബാങ്കുകളുടെ ലീഗൽ അഡ്വൈസറി ബോർഡിൽ അംഗമാണ്. ഇങ്ങനെയൊക്കെയായ തൻ്റെ മകൾ ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് ആത്മഹത്യചെയ്യുെമന്ന് വിശ്വസിക്കുന്നില്ല. അതിന്റെ കാരണമെങ്കിലും എനിക്കറിയണം,’- രണ്ടുപെൺമക്കളെയുംകൊണ്ട് മീനച്ചിലാറ്റിൽ ചാടി ആത്മഹത്യചെയ്ത അഭിഭാഷകയും മുത്തോലി പഞ്ചായത്ത് മുൻപ്രസിഡന്റുമായ അഡ്വ. ജിസ്‌മോളുടെ പിതാവ്പാലാ മുത്തോലി പടിഞ്ഞാറ്റിൻകര പി.കെ. തോമസ് പറയുന്നു.
‘വിഷുവിന്റെ തലേന്നുമുതൽ മോളെ വിളിക്കാൻ ശ്രമിച്ചിട്ട് കിട്ടിയില്ല. പലപ്പോഴും ചെയ്തിരുന്നതുപോലെ ഭർത്താവ് ജിമ്മി ഫോൺ മാറ്റിവെച്ചിരിക്കാമെന്നുപോലും കരുതി. പിറ്റേന്ന് മോൾ ആത്മഹത്യചെയ്തശേഷം എന്നെ അവരുടെ ഒരു ബന്ധു വിളിച്ച് വിവരം പറഞ്ഞത് ആ ഫോണിൽനിന്നാണ്. മക്കളെയുംകൂട്ടി പുറത്തു പോയപ്പോൾപോലും ആ ഫോൺ അവളുടെ കൈയിലുണ്ടായിരുന്നില്ലെന്ന് ഇതിൽനിന്ന് മനസ്സിലാക്കാം,’-അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 15-നാണ്, 32 വയസുള്ള അഡ്വ. ജിസ്‌മോൾ തോമസ്, മക്കൾ നേഹ മാരിയ (4), നോറ ജിസ് ജിമ്മി (1) എന്നിവരെയുംകൊണ്ട് മീനച്ചിലാറ്റിൽചാടി മരിച്ചത്. 2019-ൽ വിവാഹം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോൾമുതൽ ജിസ്‌മോൾ ഭർത്തൃവീട്ടിൽ അനുഭവിച്ച സങ്കടങ്ങളെപ്പറ്റി പറയുമ്പോൾ,പിതാവ്പ തോമസ് പല വട്ടം കണ്ണീരണിഞ്ഞു.
‘ഭർത്താവും അമ്മയും സഹോദരിയും ചേർന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. വീട്ടിലെ ചെറിയ പ്രശ്നങ്ങൾക്കും കാരണക്കാരി ചെന്നുകയറിയ അവളാണെന്ന് പറഞ്ഞ് അവഹേളിക്കുമായിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്നും നിരന്തരം പറയുമായിരുന്നു.
ജിമ്മിയുടെ സഹോദരിക്ക് 15 ലക്ഷം രൂപയും സ്വർണവും സ്ത്രീധനം കൊടുത്തപ്പോൾ ജിസ്‌മോൾക്ക് മൂന്നുലക്ഷം രൂപയും 25 പവനുമേ കൊടുത്തുള്ളൂവെന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചിരുന്നു . തുക കുറഞ്ഞുപോയെന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. കറുത്ത നിറമാണെന്നുപറഞ്ഞ് കളിയാക്കി. അല്പം സ്നേഹം കാണിച്ചത് ജിമ്മിയുടെ അപ്പൻ മാത്രമാണ്. അതിനും അവളെ കുറ്റപ്പെടുത്തും. അവൾ അയാളെ വശീകരിച്ച് വെച്ചിരിക്കുകയാണെന്നുവരെ മറ്റുള്ളവർ ആരോപിച്ചു.
’ ‘ഒരിക്കൽ നെറ്റിപൊട്ടിയ പാട് കണ്ടപ്പോൾ സംശയം തോന്നി. ആദ്യം സമ്മതിച്ചില്ലെങ്കിലും, ജിമ്മി അടിച്ചതാണെന്ന് പിന്നെ സമ്മതിച്ചു. അപ്പോൾ വീട്ടിലേക്കുപോരാൻ പറഞ്ഞതാണ്. കുടുംബക്കോടതിയിലെ അഡ്വക്കേറ്റായ തനിക്ക് സ്വന്തം പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആരും വില തരില്ല. അപ്പനിത് ആരോടും പറയരുതെന്ന് അവൾ വിലക്കി.’ ‘അവളെന്തേലും അവിവേകം കാട്ടുമോയെന്ന് പേടിച്ച സമയമുണ്ട്.’ ‘കഷ്ടപ്പെട്ടല്ലേ അപ്പ ഞങ്ങളെ പഠിപ്പിച്ചത്. അപ്പന്റെ മുഖം മറക്കാൻ പറ്റുമോ,’ എന്നുപറഞ്ഞ് അവൾ അന്ന് ആശ്വസിപ്പിച്ചിരുന്നു.
അടുത്തയിടെ അവരുടെ കുടുംബ ബിസിനസ് സംബന്ധിച്ച കേസ് അവൾ വാദിക്കണമെന്ന് ഭർത്തൃവീട്ടുകാർ നിർബന്ധിച്ചു.’ കേസിൽ ന്യായമില്ലെന്നും ജയിക്കാൻ സാധ്യതയില്ലെന്നും മകൾ തന്നോട് പറഞ്ഞിരുന്നു. അവസാനം വിധിവന്നപ്പോൾ തോറ്റു. അതേക്കുറിച്ചും പ്രശ്നമുണ്ടായെന്ന് തോന്നുന്നു.
‘മരിക്കുന്നതിനുമുമ്പ് ആ വീട്ടിൽ എന്തോ സംഭവിച്ചു. ജിസ്‌മോളുടെ ദേഹത്ത് മർദിച്ച പാടു കണ്ടു. ഭർത്താവിന്റെ കുടുംബമാണ് ജിസ്‌മോളെയും മക്കളെയും മരണത്തിലേക്കുതള്ളിവിട്ടത്. വിഷുവിന് തലേന്നുമുതൽ അവളുടെ കൈയിൽ ഫോണില്ല. ഇത്ര ദിവസമായിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
എനിക്കറിയണം. എന്തിന് മകൾ ആ മാലാഖക്കുഞ്ഞുങ്ങളെയുംകൊണ്ട് ഇതുചെയ്തു, അത്രയ്ക്ക് ഹൃദയംപൊട്ടിയ കാര്യമെന്താണെന്ന്,’-പി.കെ. തോമസ് ആവശ്യപ്പെട്ടു.
Reasons behind Jismol’s Suicide should know demands her father