ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ വ്യോമാക്രമണത്തിൽ തകർന്ന നൂർ ഖാൻ വ്യോമത്താവളത്തിൽ പുനർനിർമ്മാണം നടക്കുന്നതായി റിപ്പോർട്ട്. പുതിയ മതിൽ ഭാഗങ്ങളും മണ്ണുമാറ്റൽ ജോലികളും നടക്കുന്നതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. യുഎസ് ആസ്ഥാനമായുള്ള മാക്സർ ടെക്നോളജീസിൽ നിന്ന് ലഭിച്ച പുതിയ ചിത്രങ്ങൾ പ്രകാരം, നൂർ ഖാൻ വ്യോമത്താവളത്തിൽ പുനർനിർമ്മാണം നടക്കുന്നുണ്ട്.
ബുധനാഴ്ച എടുത്ത ചിത്രങ്ങളിൽ പുതിയ മതിൽ ഭാഗങ്ങളും മണ്ണുമാറ്റൽ ജോലികളും നടക്കുന്നത് കാണാം. പുതിയ ചിത്രങ്ങളിൽ ഒരു ബോംബാർഡിയർ ഗ്ലോബൽ 6000-ഉം ഒരു സൈനിക യാത്രാ വിമാനവും പുനർനിർമ്മാണ മേഖലയ്ക്ക് സമീപം പാർക്ക് ചെയ്തിരിക്കുന്നതായി കാണാം. അസിം മുനീർ അടുത്തിടെ വിദേശ യാത്രകൾക്കായി ഉപയോഗിച്ചത് പിഎഎഫ് ഗ്ലോബൽ 6000 വിമാനമാണ്.
ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കായി ടിയാൻജിനിൽ അടുത്തിടെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഫീൽഡ് മാർഷൽ അസിം മുനീറും എത്തിയതിൽ മുനീർ യാത്ര തിരിച്ചത് നൂർ ഖാൻ വ്യോമത്താവളത്തിൽ നിന്നായിരുന്നു.
പാകിസ്ഥാൻ വ്യോമസേനയുടെ നമ്പർ 12 വിഐപി സ്ക്വാഡ്രൺ (ബുറാക്സ്) ഈ താവളത്തിൽ നിന്നാണ് പ്രവർത്തിക്കുന്നത്. പ്രസിഡന്‍റ്, പ്രധാനമന്ത്രി, സൈനിക മേധാവികൾ, മന്ത്രിമാർ എന്നിവരുൾപ്പെടെ രാജ്യത്തെ ഉന്നത നേതാക്കളെ കൊണ്ടുപോകുന്നതിനുള്ള ചുമതല ഈ യൂണിറ്റിനാണ്.















