ചെങ്കോട്ട സ്‌ഫോടനം : പൊട്ടിത്തെറിച്ച i20 കാറിലുണ്ടായിരുന്നത് ഡോ. ഉമര്‍ മുഹമ്മദ് തന്നെ, ഡിഎന്‍എ പരിശോധന ഫലം പുറത്ത്

ന്യൂഡൽഹി: തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം കാർ പൊട്ടിത്തെറിച്ച് ഒമ്പത് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ഫോടനം നടന്ന ഹ്യൂണ്ടായ് ഐ20 കാർ ഓടിച്ചത് ഡോ. ഉമർ മുഹമ്മദ് ആണെന്ന് ഡിഎൻഎ പരിശോധനാ ഫലങ്ങൾ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ സീനിയർ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു ഡോക്ടർ മുഹമ്മദ്. ഇയാളുടെ ഡിഎൻഎ സാമ്പിൾ അമ്മയുടെയും സഹോദരന്റെയും ഡിഎൻഎയുമായി 100 ശതമാനം പൊരുത്തപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. സ്ഫോടനത്തെത്തുടർന്ന് തകർന്ന കാറിൽ നിന്ന് അസ്ഥികൾ, പല്ലുകൾ, വസ്ത്രങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവ കണ്ടെത്തിയിരുന്നു. തുടർന്നാണ് ഡിഎൻഎ പരിശോധനയിലേക്ക് ഉദ്യോഗസ്ഥർ കടന്നത്. സ്ഫോടനത്തിന് ശേഷം തിങ്കളാഴ്ച രാത്രിയോടെ ഉമറിന്റെ അമ്മയെയും രണ്ട് സഹോദരന്മാരെയും പുൽവാമയിൽ നിന്നും കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയാണ് ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം 6.52 നാണ് സ്ഫോടനം നടന്നത്. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. ഹരിയാനയിലെ ഫരീദാബാദിലെ രണ്ട് റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ നിന്ന് ജമ്മു കശ്മീർ പൊലീസ് ഏകദേശം 3,000 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഡൽഹിയിൽ സ്ഫോടനം നടന്നത്. തീവ്രവാദികളായ പ്രൊഫഷണലുകൾ ഉൾപ്പെടുന്ന “വൈറ്റ് കോളർ” തീവ്രവാദത്തിലെ പ്രധാന കണ്ണികളായി ഉയർന്നുവന്ന ഡോ. മുജമ്മിൽ ഷക്കീലും ഡോ. ആദിൽ റാത്തറും അറസ്റ്റിലായതിന് പിന്നാലെയാണ് ഉമർ മുഹമ്മദ് ഓടിച്ച കാർ പൊട്ടിത്തെറിച്ചത്. പിടിയിലായവർ ഉമറുമായി ബന്ധമുള്ളവരാണ്. ഇരുവരുടേയും അറസ്റ്റിനെത്തുടർന്ന് ഐ20 ഉടമയായ ഉമർ മുഹമ്മദ് പരിഭ്രാന്തനാകുകയും ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം നടത്തുകയും ചെയ്തതായും ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്.

Red Fort blast: Dr. Umar Mohammed was the one in the i20 car that exploded, DNA test results out

More Stories from this section

family-dental
witywide