ചുവന്ന ചന്ദ്രൻ; ആകാശത്ത് സെപ്റ്റംബർ 7, 8 തീയതികളിൽ ബ്ലഡ് മൂൺ ദൃശ്യമാകും

ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ വരുമ്പോൾ സംഭവിക്കുന്ന അപൂർവ പ്രതിഭാസമായ ഈ പൂർണ്ണ ചന്ദ്രഗ്രഹണം ആകാശത്ത് ദൃശ്യമാകുന്നു. സെപ്റ്റംബർ 7 ഞായറാഴ്ച രാത്രിയിലും സെപ്റ്റംബർ 8 തിങ്കളാഴ്ച പുലർച്ചെയുമാകും പൂർണ്ണ ചന്ദ്രഗ്രഹണം (രക്തചന്ദ്രഗ്രഹണം) കാണാനാകുക. ഈ ഗ്രഹണത്തിന്റെ പൂർണ്ണ ദശ 82 മിനിറ്റ് നീണ്ടുനിൽക്കും. സമീപ വർഷങ്ങളിൽ സംഭവിച്ച ഗ്രഹണങ്ങളിൽ വെച്ച് ഏറ്റവും മനോഹരവും വിശാലമായി കാണാൻ കഴിയുന്നതുമായ ഒന്നായിരിക്കും ഇത്. ലോകജനസംഖ്യയുടെ 85% പേർക്കും ഈ കാഴ്ചയുടെ ഒരു ഭാഗം കാണാൻ കഴിയും.

ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിൽ നിന്നും ഈ കാഴ്ച ദൃശ്യമാകും. ഡൽഹി, ചെന്നൈ, ബെംഗളൂരു, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, കൊച്ചി തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം ഇത് കാണാൻ സാധിക്കും. അതേസമയം, ഏഷ്യയിലെയും പടിഞ്ഞാറൻ ഓസ്ട്രേലിയയിലെയും മിക്ക രാജ്യങ്ങളിലും ഈ ഗ്രഹണം പൂർണ്ണമായും യൂറോപ്പ്, ആഫ്രിക്ക, കിഴക്കൻ ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും ചുവന്ന ചന്ദ്രനെ കാണാൻ സാധിക്കും. എന്നാൽ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ ഭൂരിഭാഗം സ്ഥലങ്ങളിലും ഇത് കാണാൻ സാധിക്കില്ല.

ഏറ്റവും മനോഹരമായ ആകാശ കാഴ്ചകളിൽ ഒന്നായ ബ്ലഡ് മൂൺ സംഭവിക്കുന്നത് ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുമ്പോൾ, ചന്ദ്രന് ചുവപ്പ് കലർന്ന ഓറഞ്ച് നിറം കൈവരിക്കുന്നതിനാലാണ്. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശത്തിലെ നീല രശ്മികൾ ചിതറിപ്പോകുകയും അതേസമയം തരംഗദൈർഘ്യം കൂടിയ ചുവപ്പ് രശ്മികൾ വളഞ്ഞ് ചന്ദ്രനിലേക്ക് എത്തുകയും ചെയ്യുന്നതിനാലാണ് ചന്ദ്രന് ചുവന്ന നിറം ലഭിക്കുന്നത്.

More Stories from this section

family-dental
witywide