
ന്യൂഡൽഹി : റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് റീഫണ്ടുകൾ ഞായറാഴ്ച രാത്രി 8 മണിയോടെ പൂർത്തിയാക്കണമെന്ന് ഇൻഡിഗോയോട് സിവിൽ ഏവിയേഷൻ മന്ത്രാലയം നിർദ്ദേശിച്ചു. റദ്ദാക്കലുകൾ ബാധിച്ച യാത്രക്കാർക്കിൽ നിന്നും റീഷെഡ്യൂളിംഗ് ചാർജുകൾ ഈടാക്കരുതെന്നും വിമാനക്കമ്പനികൾക്ക് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
റീഫണ്ടുകൾ പ്രോസസ്സ് ചെയ്യുന്നതിൽ എന്തെങ്കിലും കാലതാമസമോ പരാജയമോ സംഭവിച്ചാൽ ഉടനടി നിയന്ത്രണ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. യാത്രക്കാർക്ക് പിന്തുണയും റീഫണ്ട് സൗകര്യവും ഉറപ്പാക്കുന്നതിനുള്ള പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കാനും ഇൻഡിഗോയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ടീമുകൾ ബാധിക്കപ്പെട്ട യാത്രക്കാരെ മുൻകൂട്ടി ബന്ധപ്പെടുകയും റീഫണ്ടുകൾ പൂർത്തിയാക്കുകയോ അല്ലെങ്കിൽ ബദൽ യാത്രാ ഓപ്ഷനുകൾ ക്രമീകരിക്കുകയോ വേണം. പ്രവർത്തനങ്ങൾ പൂർണ്ണമാകുന്നതുവരെ ഓട്ടോമാറ്റിക് റീഫണ്ടുകളുടെ സംവിധാനം സജീവമായി തുടരും.
റദ്ദാക്കലുകളോ കാലതാമസമോ കാരണം യാത്രക്കാരുടെ ഏതെങ്കിലും ബാഗേജ് വിട്ടുനൽകാനുണ്ടെങ്കിൽ അതും വേഗത്തിൽ കണ്ടെത്തി 48 മണിക്കൂറിനുള്ളിൽ തിരികെ ഏൽപ്പിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ വെള്ളിയാഴ്ച 1,000-ത്തിലധികം വിമാനങ്ങൾ റദ്ദാക്കി, ശനിയാഴ്ചയും നിരവധി വിമാനത്താവളങ്ങളിലായി 400-ലധികം വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട് . പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം ഉറപ്പാക്കുന്നതിനായി വ്യോമയാന റെഗുലേറ്റർ കൊണ്ടുവന്ന പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി (FDTL) നിയമങ്ങളാണ് ഇൻഡിഗോയെ വലച്ചത്. പൈലറ്റുമാരുടെയും ക്യാബിൻ ക്രൂവിന്റെയും ക്ഷീണം കുറയ്ക്കുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി ഇന്ത്യയിൽ പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് കൊണ്ടുവന്നതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. നവംബർ ഒന്നുമുതലാണ് ഡ്യൂട്ടി ടൈം നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നത്. അതിന് ശേഷം പൈലറ്റുമാരുടെയും ക്യാബിൻ ക്രൂവിന്റെയും എണ്ണത്തിൽ വലിയ കുറവ് നേരിടുകയാണ് ഇൻഡിഗോ. പൈലറ്റുമാരുടെ ഡ്യൂട്ടി ടൈം കുത്തനെ കുറയ്ക്കുകയും റെസ്റ്റ് റിക്വയർമെന്റ്സ് നിർബന്ധമാക്കുകയും ചെയ്തതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
Refunds must be paid by 8 pm on Sunday; Central government issues strict instructions to IndiGo










