
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ച യുവാവ് ഗുജറാത്ത് സ്വദേശിയെന്ന് അവകാശപ്പെട്ടാണ് എത്തിയത്. ഇയാള്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കാനെന്ന വ്യാജേന എത്തി മുഖ്യമന്ത്രിക്ക് ചില കടലാസുകള്‍ നല്‍കിയശേഷമാണ് മുഖത്ത് അടിച്ചതെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു. രാജേഷ് എന്നാണ് അക്രമിയായ യുവാവ് പേരു പറഞ്ഞത്. താന്‍ രാജ്‌കോട്ട് സ്വദേശിയാണെന്നായിരുന്നു ഇയാള്‍ പറഞ്ഞതെങ്കിലും ഇതുള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഗുജറാത്ത് പൊലീസിനെ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു.
അതേസമയം, അടിയേറ്റ മുഖ്യമന്ത്രിയെ ഡോക്ടര്‍മാര്‍ പരിശോധിച്ചെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡല്‍ഹി ബിജെപി അധ്യക്ഷന്‍ പറഞ്ഞു. മാത്രമല്ല, മുഖ്യമന്ത്രി ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാവിലെ ഔദ്യോഗിക വസതിയില്‍ ജനസമ്പര്‍ക്ക പരിപാടി നടക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിക്ക് അടിയേറ്റത്.