മംഗളൂരുവില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിന് ആള്‍ക്കൂട്ടം തല്ലിക്കൊന്ന അഷ്‌റഫിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി, 20 പേര്‍ അറസ്റ്റില്‍

മംഗളൂരു: പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ മംഗളൂരുവില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന വയനാട് സ്വദേശി അഷ്‌റഫിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. മംഗളുരുവില്‍ എത്തിയ സഹോദരന്‍ ജബ്ബാറാണ് അഷ്‌റഫിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്. ഇന്നലെ രാത്രിയോടെ കര്‍ണാടക പൊലിസ് നല്‍കിയ ഫോട്ടോ കണ്ടാണ് ബന്ധുക്കള്‍ മരിച്ച, പുല്‍പള്ളി സ്വദേശി അഷ്റഫിനെ തിരിച്ചറിഞ്ഞത്.

കര്‍ണാടകയിലെ മംഗളൂരുവിലാണ് രാജ്യത്തെ നടക്കുന്ന സംഭവമുണ്ടായത്. കുടുപ്പു എന്ന സ്ഥലത്തെ ഭത്ര കല്ലുര്‍ട്ടി ക്ഷേത്രത്തിന് സമീപത്തുള്ള മൈതാനത്ത് കഴിഞ്ഞ ദിവസം പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കവേ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിനു ശേഷം മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെട്ടു.

വര്‍ഷങ്ങളായി മാനസിക പ്രശ്‌നം ഉള്ളയാളാണ് അഷ്‌റഫ് എന്നും കുടുംബവുമായി കാര്യമായ ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നുമാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരാണ് അറസ്റ്റിലായത്. ആക്രമണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

പ്രത്യേക അന്വേഷണ സംഘം വേണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവു ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി ജി പരമേശ്വരയ്ക്ക് കത്തു നല്‍കിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് മംഗളൂരുവില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

More Stories from this section

family-dental
witywide