
കൊച്ചി: ദേവികുളം തിരഞ്ഞെടുപ്പ് കേസില്‍ എ രാജ എംഎല്‍എക്ക് അനുകൂലമായി സുപ്രീം കോടതി വിധി. എംഎല്‍എ എന്ന രീതിയില്‍ എല്ലാ ആനുകൂല്യത്തിനും അര്‍ഹതയുണ്ടെന്ന് വിധിയില്‍ പറയുന്നു. ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്.
2021ല്‍ നടന്ന തിരഞ്ഞെടുപ്പിലാണ് എ രാജ സിപിഎം സ്ഥാനാര്‍ഥിയായി മല്‍സരിച്ച് ദേവികുളത്തുനിന്ന് വിജയം നേടുന്നത്. തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ എ രാജയുടെ ജാതിസര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. രാജ സമര്‍പ്പിച്ചത് വ്യാജ ജാതിസര്‍ട്ടിഫിക്കറ്റാണെന്നായിരുന്നു ആരോപണം. എ രാജയുടെ ഭാര്യയും മക്കളും ക്രൈസ്തവ വിശ്വാസം തുടരുന്നവരാണെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. വളരെക്കാലം എംഎല്‍എയായിരുന്ന എസ് രാജേന്ദ്രന് പകരക്കാരനായാണ് സിപിഎം യുവ നേതാവായ എ രാജയെ മത്സരിപ്പിച്ചത്. രാജ തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ യുഡിഎഫ് സ്ഥാനാര്‍ഥി ഡി കുമാര്‍ ഹര്‍ജി നല്‍കുകയായിരുന്നു. പട്ടിക ജാതി, പട്ടിക വര്‍ഗ സംവരണ സീറ്റാണ് ദേവികുളത്തേത്. സംവരണ സീറ്റില്‍ മല്‍സരിക്കാന്‍ എ രാജയ്ക്ക് യോഗ്യതയില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി എംഎല്‍എ എ രാജയുടെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്. ഇതിനെതിരെ രാജ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോള്‍ അനുകൂല വിധി വന്നത്.










