ക്രൈസ്‌തവർക്കെതിരായ മതപീഡനം; ഇന്ത്യയിൽ നിന്ന് ക്രൈസ്തവർ യൂറോപ്പിലേക്ക് പോകണമെന്നാണോ കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നതെന്ന് താമരശ്ശേരി ബിഷപ്പ്

താമരശ്ശേരി: ഇന്ത്യയിൽ നിന്ന് ഞങ്ങൾ യൂറോപ്പിലേക്കു പോകണമെന്നാണോ കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നതെന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. പാകിസ്താനിൽ ന്യൂനപക്ഷപീഡനമുണ്ടെന്നു പറഞ്ഞ് ഇവിടെ നിയമങ്ങളുണ്ടാക്കി അവിടെനിന്ന് ആളുകളെ ഇങ്ങോട്ടെത്തിക്കുമ്പോൾ അതേ സംഭവങ്ങൾ തന്നെയാണ് ഇവിടെയും നടക്കുന്നത്. അതേപോലെ ഞങ്ങൾ യൂറോപ്പിലേക്കു പോകണമെന്നാണോയെന്നും കഴിഞ്ഞ പത്തുവർഷത്തിനിടെ രാജ്യത്ത് വിവിധമേഖലകളിൽ ക്രൈസ്‌തവർക്കെതിരായ മതപീഡനത്തിൽ നൂറിരട്ടി വർധനയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിനുമുന്നിൽ കത്തോലിക്കാ കോൺഗ്രസ് സംഘടിപ്പിച്ച സാരിവേലിസമരം ഉദ്ഘാടനംചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതപരിവർത്തനം ആരോപിച്ച് ഒഡിഷയിലെ ജലേശ്വറിൽ മലയാളി കന്യാസ്ത്രീകൾക്കും വൈദികർക്കും നേരേയുണ്ടായ ആക്രമണത്തിൽ ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായാണ് ബിഷപ്പ് രംഗത്തെത്തിയിരിക്കുന്നത്.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നക്സലൈറ്റ് ആക്രമണങ്ങൾ ഇല്ലാതാക്കാൻ എന്ത് നടപടിയാണോ സ്വീകരിച്ചത് അതേ നടപടികൾ ക്രൈസ്‌തവരെ ആക്രമിക്കുന്ന വിഭാഗത്തിനെതിരേയും ഉണ്ടാവണം. ബിജെപി സർക്കാർ ആവശ്യമായ സംരക്ഷണം നൽകാമെന്ന് ഉറപ്പുനൽകിയതിൻ്റെ അടയാളമാണ് ഛത്തീസ്ഗഢിലെ ജയിലിൽനിന്ന് കന്യാസ്ത്രീകളുടെ മോചനമെന്നും ഇഞ്ചനാനിയിൽ പറഞ്ഞു.

സാരിവേലിസമരം ഉൾപ്പെടെ മലയോരകർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണമില്ലാത്ത സാഹചര്യത്തിലാണ് ജീവിക്കാനുള്ള അവകാശത്തിനായി സംഘടിപ്പിക്കേണ്ടിവരുന്നത്. സംസ്ഥാനസർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ കേന്ദ്ര ഗവൺമെൻ്റിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. വന്യമൃഗശല്യത്തെ പ്രതിരോധിക്കാനുള്ള തോക്ക് ലൈസൻസിന് അപേക്ഷിച്ചാൽ അത് തരാത്ത സാഹചര്യമാണുള്ളതെന്നും റെമീജിയോസ് ഇഞ്ചനാനിയിൽ കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide