
തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌മരണ പുതുക്കി വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ ഇന്നലെ ആയിരുന്നു പെരുന്നാൾ എങ്കിൽ മാസപ്പിറവി കാണാത്തതിനാൽ ഇന്ത്യയിൽ ഇന്നാണ് പെരുന്നാൾ ആഘോഷം. വിശ്വാസികൾക്ക് ഇത് വലിയ പെരുന്നാളാണ്. ഈദുൽ അദ്ഹ എന്ന ഈ ആഘോഷം ഇന്ത്യയിൽ ബക്രീദ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഹജ്ജ് തീർത്ഥാടനത്തിന്റെ ഭാഗമായുള്ള വലിയ ആഘോഷം കൂടിയാണ് ബലി പെരുന്നാൾ.
ദൈവകല്‍പ്പന അനുസരിച്ച് മകനെ ബലി നല്‍കാന്‍ തയ്യാറായ പ്രവാചകന്റെ ഓര്‍മ്മ പുതുക്കലാണ് ഈ ആഘോഷം. മൂന്ന് ഘട്ടങ്ങളിലായാണ് ബക്രീദ് ആഘോഷം നടക്കുന്നത്. തനിക്കുള്ളത് ഉപേക്ഷിക്കുക, തനിക്കുള്ളത് കൂട്ടുകാർക്കും സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും നൽകുക, ദരിദ്രർക്ക് ദാനം നൽകുക.ഈ മൂന്ന് പുണ്യകരമായ പ്രവർത്തിയാണ് ബലി പെരുന്നാൾ ദിനം അനുഷ്ഠിക്കുന്നത്. കേരളത്തിൽ വിവിധയിടങ്ങളിൽ ഇന്ന് ഈദ് നമസ്കാരം നടക്കും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഗവർണറുമടക്കം ബക്രീദ് ആശംസകൾ നേർന്നു.
ബലിപെരുന്നാൾ വിശ്വാസം ഇപ്രകാരം
സഹജീവികളോടുള്ള സ്നേഹത്തിന്റെയും ത്യാഗസമര്‍പ്പണത്തിന്റെയും ഓര്‍മകളുണര്‍ത്തുന്നതാണ് ബലിപെരുന്നാൾ. പ്രവാചകനായ ഇബ്രാഹിം നബിക്ക് വളരെക്കാലം മക്കള്‍ ഇല്ലായിരുന്നു. പിന്നീട് ജനിച്ച പുത്രനായ ഇസ്മായില്‍നെ ദൈവത്തിന്റ കല്‍പന അനുസരിച്ച് ബലികൊടുക്കാന്‍ തീരുമാനിക്കുന്നു. ബലി നല്‍കാനൊരുങ്ങുന്ന സമയത്ത് ദൈവ ദൂതന്‍ വരികയും ഇസ്മായിലിന്റ സ്ഥാനത്ത് ആടിനെ വയ്ക്കുകയും ചെയ്യുന്നു. ഈ സംഭവത്തിന്റെ ഓര്‍മ പുതുക്കലാണ് ബലി പെരുന്നാള്‍. അതിലൂടെ ദൈവ പരീക്ഷണത്തെ വിജയിക്കുകയും ചെയ്യുന്നു. ദൈവ പരീക്ഷണമായിരുന്ന ബലിയെ അനുസ്മരിച്ചാണ് ഈ പെരുന്നാളിനു ബലി പെരുന്നാള്‍ എന്ന് പേരു വന്നത്. ഈശ്വര പ്രീതിക്കു വേണ്ടി മനുഷ്യബലി ദൈവഹിതമല്ലെന്ന സന്ദേശവും കൂടിയാണ് ഇതിലൂടെ നല്‍കുന്നത്.









