
കൊച്ചി: പി കെ ശ്രീമതിയെ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്നും മുഖ്യമന്ത്രി പിണറായി വിലക്കിയെന്ന വാർത്തകളോട് പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്. ശ്രീമതിയെ സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്ന് ആരും വിലക്കിയിട്ടില്ലെന്നും അവർ കേന്ദ്ര കമ്മിറ്റിയുടെ ഭാഗമാണെന്നും ഗോവിന്ദൻ വ്യക്താക്കി. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാനാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. കേരളത്തിലുള്ളപ്പോൾ പാർട്ടി യോഗങ്ങളിൽ അവർക്ക് പങ്കെടുക്കാം. സെന്‍ട്രല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നത് കേരളത്തില്‍ പ്രവര്‍ത്തിക്കാനല്ല.
ശ്രീമതിയെ സെക്രട്ടേറിയേറ്റിൽ നിന്ന് ഒഴിവാക്കിയത് പാര്‍ട്ടിയുടെ സംഘടനാപരമായ തീരുമാനമാണെന്നും സംസ്ഥാന സെക്രട്ടറി വിവരിച്ചു. ഇതില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യമില്ല. 75 വയസ് പൂര്‍ത്തിയായതിനാല്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവായി. പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയല്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.