കോഴിക്കോടിനെ നടുക്കി മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയില്‍ പുക, ശ്വാസം കിട്ടാതെ 3 പേർ മരിച്ചെന്ന് റിപ്പോർട്ട്; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി കാഷ്വാലിറ്റിയിലുണ്ടാ പുകയെ തുടർന്ന് 3 മരണം സംഭവിച്ചെന്ന് റിപ്പോർട്ട്. നാല് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയെന്നും അഞ്ച് മരണം സംഭവിച്ചുവെന്നും റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. മൂന്നു പേർ മെഡിക്കൽ കോളേജിൽ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. വെസ്റ്റ് ഹിൽ സ്വദേശിയായ ഗോപാലൻ, വടകര സ്വദേശിയായ സുരേന്ദ്രൻ, മേപ്പയൂർ സ്വദേശിയായ ഗംഗാധരൻ എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇവർ സംഭവത്തിന് മുമ്പ് തന്നെ മരിച്ചവരാണെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ പറഞ്ഞതായും വിവരമുണ്ട്.

എ സിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് നിന്നും രോഗികളെ പൂര്‍ണമായും ഒഴിപ്പിച്ചു. സി ടി സ്‌കാനിന് സമീപത്ത് നിന്നുമാണ് പുക ഉയര്‍ന്നത്. ആദ്യം കണ്ടത് രോഗിയുടെ കൂട്ടിരിപ്പുകാരാണ്. പൊട്ടിത്തെറി ശബ്ദം കേട്ടതായി ഡോക്ടര്‍മാരും രോഗികളുടെ ബന്ധുക്കളും പറഞ്ഞു. ഫയര്‍ഫോഴ്‌സ് എത്തി പുക വലിച്ചെടുക്കാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ വെള്ളിമാടുകുന്ന്, മീഞ്ചന്ത, ബീച്ച് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള യൂണിറ്റുകള്‍ എത്തിയാണ് പുക വലിച്ചെടുക്കാനുള്ള ശ്രമം നടത്തുന്നത്. രോഗികളെ അടുത്ത ആശുപത്രികളിലേക്ക് മാറ്റുകയാണ്. അഞ്ഞൂറിലധികം രോഗികളെ ആശുപത്രിയില്‍ നിന്നും മാറ്റുകയാണ്. പുതിയ രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടു വരരുതെന്നും മറ്റു ആശുപത്രികളിലേക്ക് പോകണമെന്നും പൊലീസ് അറിയിച്ചു.

അതിനിടെ സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിർദേശം നൽകിയത്. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അവരെ സുരക്ഷിതരായി മറ്റ് സ്ഥലത്തേയ്ക്ക് മാറ്റണമെന്നും മന്ത്രി അറിയിച്ചു.

മന്ത്രിയുടെ അറിയിപ്പ്

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുതിയ ബ്ലോക്കില്‍ യുപിഎസ് റൂമില്‍ പുക പടര്‍ന്ന സംഭവത്തെ തുടര്‍ന്ന് എമര്‍ജന്‍സി വിഭാഗത്തിലെ മുഴുവന്‍ രോഗികളെയും അടിയന്തരമായി ചികിത്സയ്ക്കായി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. മുകള്‍ നിലകളില്‍ ഉണ്ടായിരുന്ന രോഗികളെയും കെട്ടിടത്തില്‍ നിന്നും ഒഴിപ്പിച്ചു. കെട്ടിടത്തില്‍ ആരും ഇല്ല എന്ന് പരിശോധിച്ചു ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്ന് രാത്രി എമര്‍ജന്‍സി സേവനം ആവശ്യമായ രോഗികള്‍ക്ക് ബീച്ച് ഹോസ്പിറ്റലില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനവും ബീച്ച് ഹോസ്പിറ്റല്‍ കാഷ്വാലിറ്റിയില്‍ ഉറപ്പാക്കിയിട്ടുണ്ട്. യുപിഎസ് റൂമില്‍ നിന്ന് പുക പടര്‍ന്നുണ്ടായ സാഹചര്യത്തില്‍ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ സാങ്കേതിക അന്വേഷണം നടത്തും. സംഭവത്തെക്കുറിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ഫയര്‍ഫോഴ്‌സ് ഡിജിപി മനോജ് എബ്രഹാം ഇപ്പോള്‍ അറിയിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ സെന്തില്‍ കുമാറുമായും സംഭവം നടന്നയുടനേയും പിന്നീടും ആശയ വിനിമയം നടത്തി.

More Stories from this section

family-dental
witywide