അമേരിക്കയെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്, ഒറ്റമാസത്തിൽ റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങിക്കൂട്ടിയത് 30000 കോടി രൂപയുടെ എണ്ണ

മുംബൈ: അമേരിക്കയുടെ പിഴത്തീരുവ നടപടികൾക്ക് പിന്നാലെ, ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഗണ്യമായി വർധിപ്പിച്ചു. ഓഗസ്റ്റ് മാസത്തിൽ മാത്രം 290 കോടി യൂറോ (30,000 കോടി രൂപ) മൂല്യമുള്ള എണ്ണയാണ് ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങിയത്. ഇതോടെ, സാധാരണ 310 കോടി യൂറോയുടെ എണ്ണ വാങ്ങാറുള്ള ചൈനയുടെ അടുത്തെത്തി ഇന്ത്യ. ഹെൽസിങ്കി ആസ്ഥാനമായുള്ള സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (CREA) ആണ് അമേരിക്കയെ ഞെട്ടിക്കുന്ന ഈ കണക്കുകൾ പുറത്തുവിട്ടത്. ജൂലൈ മാസത്തിൽ ഇന്ത്യ 270 കോടി യൂറോയുടെ എണ്ണ വാങ്ങിയപ്പോൾ, ചൈന 410 കോടി യൂറോയുടെ എണ്ണയാണ് ഇറക്കുമതി ചെയ്തിരുന്നത്.

ചൈന റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചപ്പോൾ, ഇന്ത്യ ഓഗസ്റ്റിൽ ഇറക്കുമതി വർധിപ്പിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനോട് അമേരിക്കയുടെ ശക്തമായ എതിർപ്പ് തുടരുമ്പോഴാണ് ഇന്ത്യയുടെ ഈ നീക്കം. റഷ്യൻ എണ്ണ വാങ്ങിയതിന്റെ പേര് പറഞ്ഞ് അമേരിക്ക ഇന്ത്യയ്ക്ക് 25 ശതമാനം പിഴത്തീരുവ ചുമത്തിയിരുന്നു. എന്നിട്ടും, ഇന്ത്യ തങ്ങളുടെ എണ്ണ ഇറക്കുമതി തന്ത്രത്തിൽ മാറ്റം വരുത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയം.

ചൈന പ്രധാനമായും കരുതൽ ശേഖരത്തിനായാണ് റഷ്യൻ എണ്ണ വാങ്ങുന്നതെങ്കിൽ, ഇന്ത്യ വിപണി ലക്ഷ്യമിട്ടാണ് എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിൽ സംസ്കരിച്ച ഡീസലും പെട്രോളും വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇത് ഇന്ത്യയുടെ എണ്ണ വ്യവസായത്തിന്റെ തന്ത്രപരമായ പ്രാധാന്യം വർധിപ്പിക്കുന്നു. റഷ്യയുമായുള്ള വ്യാപാരം ശക്തിപ്പെടുത്തുന്നതോടെ, അന്താരാഷ്ട്ര സമ്മർദങ്ങൾക്കിടയിലും ഇന്ത്യ സ്വന്തം ഊർജ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നതായി വ്യക്തമാണ്.