
തിരുവനന്തപുരം: റിപ്പോർട്ടർ ടിവിയുടെ തൃശൂർ ബ്യൂറോ ഓഫീസിന് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ ആക്രമണത്തിന്റെ ഒന്നാം പ്രതിയായ മിഥുൻ മോഹൻ പോലീസ് പിടിയിലായി. തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ മിഥുനെ പോലീസ് അറസ്റ്റ് ചെയ്തത്. ഓഫീസ് ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞ മിഥുൻ, എംഎൽഎ ഹോസ്റ്റലിൽ ഒളിവിൽ കഴിയാൻ പദ്ധതിയിട്ട് തൃശൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയതായി പോലീസ് വെളിപ്പെടുത്തി. കേസിലെ രണ്ടാം പ്രതിയും യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ വൈസ് പ്രസിഡന്റുമായ വിഷ്ണു ചന്ദ്രനെയും തേക്കിൻകാട് നിന്ന് പോലീസ് പിടികൂടി.
ഇന്ന് രാവിലെ നടന്ന ആക്രമണത്തിൽ റിപ്പോർട്ടർ ടിവി ഓഫീസിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയതിനാണ് ഈസ്റ്റ് പോലീസ് കേസെടുത്തത്. മിഥുൻ മോഹന് പുറമെ, വിഷ്ണു ചന്ദ്രൻ, തൃശൂർ അസംബ്ലി പ്രസിഡന്റ് കെ സുമേഷ്, വിൽവട്ടം മണ്ഡലം പ്രസിഡന്റ് സൗരാഗ്, നിഖിൽദേവ്, അമൽ ജയിംസ് എന്നിവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാല് പ്രതികൾ ഇനിയും പിടിയിലാകാനുണ്ട്.