വാഷിംങ്ടൺ: ഇന്ത്യയ്‌ക്കെതിരെ യുഎസ് ചുമത്തിയതിന് സമാനമായ ഉപരോധങ്ങൾ യൂറോപ്യൻ രാജ്യങ്ങളും ഏർപ്പെടുത്തണമെന്ന് ട്രംപ് ഭരണകൂടത്തിൻ്റെ നിർദേശമെന്ന് റിപ്പോർട്ടുകൾ. റഷ്യൻ എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യക്കെതിരെ നികുതി ചുമത്താൻ യൂറോപ്യൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്നും എണ്ണ, വാതകങ്ങൾ എന്നിവ വാങ്ങുന്നത് പൂർണമായും നിർത്തണമെന്നും യുഎസ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
ഇന്ത്യക്കെതിരെ അമേരിക്ക അധിക തീരുവ ചുമത്തിയിരിക്കുന്നത് റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നുവെന്ന പേരിലാണ്. യുഎസിന്റെ താരിഫ് ഭീഷണിയെ വകവെക്കാതെ ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ തുടരുന്നതാണ് യുഎസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിലൂടെ യുക്രൈൻ-റഷ്യ യുദ്ധത്തിന് സാമ്പത്തിക സഹായം നൽകുകയാണെന്നാണ് യുഎസ് ആരോപണം. റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ നടത്തിയ ട്രംപിന്റെ നീക്കത്തെ യൂറോപ്യൻ രാജ്യങ്ങൾ പിന്തുണക്കുന്ന സ്ഥിതിയ്ക്ക് ഇന്ത്യക്കെതിരെ നികുതി ചുമത്തണമെന്ന യുഎസ് ആവശ്യത്തെ യൂറോപ്യന്‍ രാജ്യങ്ങള്‍ എങ്ങനെ സ്വീകരിക്കുമെന്നത് നിര്‍ണായകമാകും.














