
കാണ്ഡഹാർ: സ്ത്രീകളെ സ്പർശിക്കാൻ പാടില്ലത്തിനാൽ അഫ്ഗാനിൽ ഭൂചലനത്തിൽ പരിക്കേറ്റ സ്ത്രീകളെ തിരിഞ്ഞുനോക്കാതെ രക്ഷാപ്രവർത്തകർ. കഴിഞ്ഞദിവസമുണ്ടായ ശക്തമായ ഭൂചലനത്തിലാണ് പുരുഷന്മാരായ രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന സ്ത്രീകളെ തിരിഞ്ഞുനോക്കാന്‍ പോലും തയ്യാറായില്ലെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. 2200ത്തോളം പേർക്ക് ഭൂചനത്തിൽ ജീവൻ നഷ്ടമായിരുന്നു.
രക്ഷാപ്രവർത്തകർ പുരുഷന്മാർ മാത്രം ആയതിനാൽ കല്ലിനും മണ്ണിനുമിടയിൽ കുടുങ്ങി പോയ പല സ്ത്രീകളെയും പുറത്തെത്തിക്കാൻ ആളില്ലാതെ പോയെന്നാണ് റിപ്പോർട്ട്. അതേസമയം, പുരുഷന്മാർ സ്ത്രീകളെ സ്പർശിക്കാൻ പാടില്ലെന്ന നിയമം അഫ്ഗാനിസ്ഥാനിൽ നിലനിൽക്കുന്നതാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തകരില്‍ ചിലർ വസ്ത്രങ്ങളിലും മറ്റും പിടിച്ചാണ് പല സ്ത്രീകളുടെയും മൃതശരീരങ്ങൾ പുറത്തെടുത്തത്.
ഭൂചലനത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ ജീവനോടെ ഉണ്ടായിരുന്ന സ്ത്രീകളെ സഹായിക്കാൻ ആരും തയ്യാറായില്ലെന്നും എന്തെങ്കിലും സഹായം വേണമെന്ന് ചോദിച്ച് ആരും അവരെ സമീപിച്ചതുപോലുമില്ലെനും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ നാലു വർഷമായി കർശനമായ നിയന്ത്രണങ്ങളാണ് രാജ്യത്തെ സ്ത്രീകൾ നേരിടുന്നത്.