ടൊറന്റോ: കാനഡയിലെ ഏറ്റവും വലിയ നഗരസഭകളിലൊന്നായ മിസിസാഗ സിറ്റി കൗൺസിലിൽ ഹിന്ദു വിരുദ്ധ വിദ്വേഷത്തിനെതിരെ (Anti-Hindu Hate) ഔദ്യോഗികമായി പ്രമേയം പാസാക്കി. ബുധനാഴ്ച ഏകകണ്ഠമായാണ് ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ (GTA) ഏഴാമത്തെ വലിയ മുനിസിപ്പാലിറ്റിയായ മിസിസാഗ സിറ്റി കൗൺസിൽ ഈ പ്രമേയം പാസാക്കിയത്.
പ്രമേയത്തിൽ കാനഡയിലും മിസിസാഗയിലും നടക്കുന്ന ഹിന്ദു വിരുദ്ധ സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിൽ ക്ഷേത്രങ്ങളിൽ നടക്കുന്ന നാശനഷ്ടങ്ങൾ, ഹിന്ദു ഉത്സവങ്ങളെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങൾ, ഓൺലൈൻ അധിക്ഷേപങ്ങൾ, വിദ്യാർത്ഥികൾ നേരിടുന്ന പീഡനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഇതൊക്കെ ഹിന്ദു സമൂഹത്തിൽ ഭയവും ആശങ്കയും സൃഷ്ടിക്കുന്നുവെന്നും പ്രമേയത്തിൽ പറയുന്നു.
മുനിസിപ്പാലിറ്റി ഇതിനുമുമ്പ് വർഗീയത, യഹൂദ വിരോധം, ഇസ്ലാമോഫോബിയ എന്നിവക്കെതിരെ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അതുപോലെതന്നെ ഹിന്ദു വിരുദ്ധ വിദ്വേഷത്തെയും തിരിച്ചറിയുകയും ശക്തമായി അപലപിക്കുകയും ചെയ്യേണ്ട സമയമാണിതെന്നും പ്രമേയത്തിൽ പറയുന്നു.
കൗൺസിലർ ദീപിക ഡാമെർലയാണ് പ്രമേയം അവതരിപ്പിച്ചത്. സഹപ്രവർത്തകൻ ജോ ഹോർനെക്ക് പിന്തുണച്ചു. “ഇത് ഒരു പുതിയ പ്രവണത സൃഷ്ടിക്കുന്നതല്ല, നീതിയുടെ അതേ തത്വം പ്രയോഗിക്കുകയാണിത്. ഹിന്ദു വിരുദ്ധ വിദ്വേഷം യാഥാർത്ഥ്യമാണെന്നും അതിനെ പലപ്പോഴും അവഗണിക്കപ്പെടുന്നുവെന്നും ഞങ്ങൾ കാണുന്നുവെന്ന് പ്രമേയം അവതരിപ്പിച്ച് കൊണ്ട് ഡാമെർല പറഞ്ഞു.
മിസിസാഗയിൽ കാനഡയിലെ ഏറ്റവും വലിയ ഹിന്ദു സമൂഹങ്ങളിലൊന്നാണ് താമസിക്കുന്നത്. എല്ലാ നിവാസികളും സുരക്ഷിതമായും മാന്യമായും ജീവിക്കുന്നതായി ഉറപ്പാക്കുക നമ്മുടെ ഉത്തരവാദിത്തമാണ് എന്ന് മെയർ കരോളിൻ പാരിഷ് അഭിപ്രായപ്പെട്ടു. കാനഡയിലെ വലിയ നഗരങ്ങളിൽ ഒന്നിൽ നിന്ന് വരുന്ന ഈ സന്ദേശം വളരെ ശക്തമായ ഒന്നാണെന്നും ഹിന്ദുഫോബിയക്ക് നമ്മുടെ രാജ്യത്ത് സ്ഥാനം ഇല്ലെന്നും കോലിഷൻ ഓഫ് ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (CoHNA) കാനഡ ചാപ്റ്ററിന്റെ പ്രസിഡന്റ് ഋഷഭ് സർസ്വത് പറഞ്ഞു.
ഹിന്ദു വിരുദ്ധ വിദ്വേഷത്തെ പരിഹരിക്കുന്നതിനുള്ള ആദ്യ പടിയാണ്. ഇത്തരം വിദ്വേഷ പ്രവർത്തനങ്ങൾക്കെതിരെ ബോധവൽക്കരണം നടത്താനും നടപടി സ്വീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് കാനേഡിയൻ ഹിന്ദൂസ് ഫോർ ഹാർമണി സംഘടനയുടെ ഡയറക്ടർ വിജയ് ജെയിൻ പറഞ്ഞു.
Resolution against anti-Hindu hatred passed in Mississauga Municipality, Canada













