
ശ്രീനഗര്‍ : ലഡാക്കില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രം. സംഘര്‍ഷത്തിനു പിന്നാലെ മേഖല സാധാരണ നിലയിലേക്കെത്തിയെന്ന് പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ചോ അതിലധികമോ ആളുകള്‍ കൂട്ടംകൂടുന്നതും ലേയില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ഘോഷയാത്രകള്‍, റാലികള്‍, മാര്‍ച്ചുകള്‍ എന്നിവ നടത്തുന്നത് നിരോധിക്കുകയും ചെയ്തു.
സെപ്റ്റംബര്‍ 24-ന് ലേയില്‍ നടന്ന പൊലീസ് വെടിവയ്പ്പില്‍ നാല് പ്രതിഷേധക്കാര്‍ മരിക്കുകയും 90 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുതിയ നിയന്ത്രണം.
ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നുള്ള എസ്എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം എടുത്തതെന്ന്
ലേ ജില്ലാ മജിസ്ട്രേറ്റ് റോമില്‍ സിംഗ് ഡോങ്ക് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ബിഎന്‍എസ് സെക്ഷന്‍ 163 പ്രകാരം വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതും, പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നതും ശിക്ഷാര്‍ഹമാണ്.
ലഡാക്കിന് സ്വയംഭരണാവകാശവും സംസ്ഥാന പദവിയും ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 24-ന്, ലേയില്‍ പ്രകടനങ്ങള്‍ അക്രമാസക്തമായതിനെത്തുടര്‍ന്ന് പ്രക്ഷോഭം നടത്തിയവര്‍ക്കെതിരെ പൊലീസും അര്‍ദ്ധസൈനിക വിഭാഗവും വെടിയുതിര്‍ത്തതായി ആരോപിക്കപ്പെടുന്നു. ഇതില്‍ നാല് പേര്‍ കൊല്ലപ്പെടുകയും ഏകദേശം 90 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 72 പേരുടെ പരുക്ക് ഗുരുതരമായിരുന്നു.
അക്രമത്തെത്തുടര്‍ന്ന്, ലേ അധികൃതര്‍ കര്‍ഫ്യൂ പോലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, മൊബൈല്‍ ഇന്റര്‍നെറ്റ് താല്‍ക്കാലികമായി റദ്ദാക്കി. ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് ഉള്‍പ്പെടെ 70-ലധികം പേരെ അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 15 ന് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കുകയും നിയന്ത്രണങ്ങള്‍ നീക്കുകയും മേഖലയില്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. പിന്നാലെയാണ് വീണ്ടും നിയന്ത്രണം വന്നിരിക്കുന്നത്.
Restrictions again after announcement of judicial inquiry into Ladakh conflict