റീട്ടെയിൽ ഇടപാടുകൾ; സേവന നിരക്ക് കുറയ്ക്കാൻ ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ നിര്‍ദേശം

രാജ്യത്ത് റീട്ടെയിൽ ഇടപാടുകൾക്ക് ഈടാക്കുന്ന സേവന നിരക്ക് കുറയ്ക്കാൻ ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ നിർദേശം. ഡെബിറ്റ് കാർഡ് ഫീസ്, വൈകി പണമടച്ചാലുള്ള പിഴ, മിനിമം ബാലൻസ് കുറഞ്ഞാൽ ഈടാക്കുന്ന നിരക്ക് എന്നിങ്ങനെ സാധാരണക്കാരായ ഉപഭോക്താക്കളെ ബാധിക്കുന്ന നിരക്കുകൾ കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ആർബിഐയുടെ നടപടി.

അതേസമയം, ഈടാക്കുന്ന നിരക്കുകളുടെ പരിധി എത്രയാണെന്ന് ആർബിഐ വ്യക്തമാക്കിയിട്ടില്ല. രണ്ടു വർഷത്തിനിടെ സേവന നിരക്കുകൾ ഈടാക്കുന്നത് സംബന്ധിച്ച പരാതികൾ 25 ശതമാനം കൂടിയിരുന്നു. ഇക്കാര്യത്തിൽ ജാഗ്രതയുണ്ടാകണമെന്ന് കഴിഞ്ഞ മാർച്ചിൽ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര ബാങ്കുകൾക്ക് നിർദേശം നൽകിയിരുന്നു. സേവനങ്ങൾ മെച്ചപ്പെടുത്താനും പരാതികൾ നിശ്ചിത സമയത്തിനകം പരിഹരിക്കാനും അദ്ദേഹം ബാങ്കുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

നിലവിൽ ബാങ്കുകൾ ചെറുകിട വായ്‌പകൾക്കുള്ള പ്രൊസസിങ് ഫീസ് ഈടാക്കുന്നത് 0.50 ശതമാനം മുതൽ 2.5 ശതമാനം വരെയാണ്. ചില ബാങ്കുകളാകട്ടെ ഭവന വായ്പ‌കളുടെ പ്രൊസസിങ് ഫീസിന് 25,000 രൂപ പരിധി നിശ്ചയിച്ചിട്ടുണ്ട്. ബാങ്കുകൾ കോർപ്പറേറ്റ് വായ്‌പകളിൽ നഷ്ടം നേരിടുന്ന സാഹചര്യത്തിൽ ചെറുകിട വായ്പകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്താണ് ആർബിഐയുടെ നിർദേശമെന്നതും ശ്രദ്ധേയമാണ്.

More Stories from this section

family-dental
witywide