
കൊല്ലം: ദേശീയപാതാ നിർമാണത്തിനിടെ സംരക്ഷണ ഭിത്തി തകർന്നു വീണു. കൊല്ലം കൊട്ടിയം മൈലക്കാടിന് സമീപം നിർമാണം പുരോഗമിക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞുവീണത്. കടമ്പാട്ടുകോണം – കൊല്ലം ഭാഗത്ത് സർവീസ് റോഡിലേക്കാണ് മണ്ണും കല്ലും അടങ്ങിയ ഭിത്തി തകർന്നത്. ഇതേത്തുടർന്ന് സ്കൂൾ ബസ് ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെട്ടു.
നിർമാണച്ചുമതലയുള്ളത് ശിവാലയ കൺസ്ട്രക്ഷൻസിനാണ്. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർദേശം നൽകി. ദേശീയപാതാ അതോറിറ്റിയിൽനിന്നു വിശദീകരണം തേടാനാണ് നിർദേശം. അതേസമയം, സാങ്കേതിക വിദഗ്ധരെ വച്ച് സംഭവം വിശദമായി പരിശോധിക്കുമെന്നും പ്രോജക്ട് ഡയറക്ടറും സൈറ്റ് എഞ്ചിനീയർമാരും ഉടൻ തന്നെ സ്ഥലത്തെത്തുമെന്നും ദേശീയപാതാ അതോറിറ്റി അറിയിച്ചു.











