
ബെംഗളൂരു: കര്‍ണാടകയിലെ ധര്‍മ്മസ്ഥലയിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ച വെളിപ്പെടുത്തല്‍ നടത്തിയ പരാതിക്കാരന്‍ അറസ്റ്റില്‍. ഗ്രാമത്തില്‍ കൂട്ട ബലാത്സംഗങ്ങളും കൊലപാതകങ്ങളും നടന്നെന്നും മൃതദേഹങ്ങള്‍ രഹസ്യമായി മറവു ചെയ്‌തെന്നുമായിരുന്നു വെളിപ്പെടുത്തിയത്. പിന്നാലെ സ്ഥലത്ത് വ്യാപക അന്വേഷണവും തിരച്ചിലും നടത്തിയിരുന്നു. എന്നാള്‍ ഇതുവരെ ഇയാള്‍ ആരോപിക്കുന്ന കാര്യങ്ങള്‍ക്ക് തെളിവു ലഭിക്കത്തക്ക വിധം യാതൊന്നും അവിടെ നിന്നും ലഭിച്ചിട്ടില്ല. ഇതോടെ ഇയാളെ വിശദമായി ചോദ്യം ചെയ്തതോടെ വ്യാജ ആരോപണങ്ങളാണ് ഉയര്‍ത്തിയതെന്ന് കണ്ടെത്തി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇതോടെ കേസ് അപ്രതീക്ഷിത വഴിത്തിരിവിലേക്ക് നീങ്ങി. പരാതിക്കാരന്റെ പേരു വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടു. സിഎന്‍ ചിന്നയ്യ എന്ന ചെന്നയെയാണ് ബെല്‍ത്തങ്കടി എസ്‌ഐടി ഓഫീസില്‍ കസ്റ്റഡിയിലുള്ളത്.
സ്ത്രീകളും കുട്ടികളുമായി നൂറിലധികം പേരുടെ മൃതദേഹം കുഴിച്ചുമൂടേണ്ടി വന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയ ചിന്നയ്യ ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയായിരുന്നു. ഇയാള്‍ക്കുള്ള എവിഡന്‍സ് പ്രൊട്ടക്ഷന്‍ സംരക്ഷണം പിന്‍വലിച്ചു. വ്യാജ പരാതി നല്‍കല്‍, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ വരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി.















