
റിയോ ഡി ജനീറോ: റിയോ ഡി ജനീറോയില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ നടത്തുന്ന ഗുണ്ടാ സംഘങ്ങളെ ലക്ഷ്യമിട്ട് നടത്തിയ വലിയ തോതിലുള്ള സുരക്ഷാ ഓപ്പറേഷനില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 64 പേര്‍ കൊല്ലപ്പെട്ടു. കൊമാണ്ടോ വെര്‍മെല്‍ഹോ (റെഡ് കമാന്‍ഡ്) ക്രിമിനല്‍ ഗ്രൂപ്പിന്റെ ‘പ്രദേശിക വളര്‍ച്ചയെ ചെറുക്കുക’ എന്ന ലക്ഷ്യത്തോടെയാണ് റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒരു വര്‍ഷത്തിലേറെയായി ഈ ഓപ്പറേഷന്‍ ആസൂത്രണം ചെയ്തിരുന്നുവെന്നും അതില്‍ 2,500-ലധികം സൈനിക, സിവിലിയന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തുവെന്നും റിയോയുടെ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ കുറ്റകൃത്യ വിരുദ്ധ നീക്കങ്ങളിലൊന്നായാണ് ഈ റെയ്ഡിനെ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചത്. പരിശോധനയ്ക്കിടെ കുറഞ്ഞത് 81 പേരെ അറസ്റ്റ് ചെയ്തു, ഓപ്പറേഷന്‍ തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഗുണ്ടാ സംഘത്തില്‍ നിന്നും 42 റൈഫിളുകള്‍ പിടിച്ചെടുത്തതായും അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു.
COP30 എന്നറിയപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയുമായി ബന്ധപ്പെട്ട ആഗോള പരിപാടികള്‍ക്ക് നഗരം ആതിഥേയത്വം വഹിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഗുണ്ടാ സംഘത്തെ ലക്ഷ്യമിട്ടുള്ള ഈ റെയ്ഡ് നടത്തിയത്.
അടുത്തയാഴ്ച റിയോയില്‍ കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്ന മേയര്‍മാരുടെ C40 ആഗോള ഉച്ചകോടിയും പോപ്പ് താരം കൈലി മിനോഗ്, നാല് തവണ ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ എന്നിവരുള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ പങ്കെടുക്കുന്ന പ്രിന്‍സ് വില്യമിന്റെ എര്‍ത്ത്‌ഷോട്ട് പ്രൈസും നടക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
Rio de Janeiro anti-gang raid leaves 64 dead, including 4 police officers











