ദേവന് നേദിക്കും മുന്നേ ദേവസ്വം മന്ത്രിക്ക് വിളമ്പി, ഗുരുതര ആചാരലംഘനമെന്ന് തന്ത്രി; ആറന്മുള വള്ളസദ്യയിൽ പരസ്യ പ്രായശ്ചിത്തം വേണമെന്നും ആവശ്യം

പത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യയിൽ ഗുരുതരമായ ആചാരലംഘനം നടന്നെന്ന് തന്ത്രി. ദേവനു നേദിക്കുന്നതിനു മുമ്പേ മന്ത്രിമാർക്ക് സദ്യ വിളമ്പിയത് പൂർണമായും ആചാരവിരുദ്ധമാണെന്ന് തെക്കേടത്തു കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദേവസ്വംബോർഡിന് അയച്ച കത്തിൽ പറയുന്നു. കഴിഞ്ഞ സെപ്റ്റംബർ 14-ന് നടന്ന ചടങ്ങിൽ മന്ത്രിമാരായ വി.എൻ. വാസവൻ, പി. പ്രസാദ് എന്നിവർ പങ്കെടുത്തിരുന്നു. വാസവനായിരുന്നു ഉദ്ഘാടകൻ.

ആചാരലംഘനത്തിന് പരസ്യ പ്രായശ്ചിത്തം നിർബന്ധമാണെന്ന് തന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പിഴവ് ഒഴിവാക്കാൻ ഭാവിയിൽ വ്യവസ്ഥകൾ ഉണ്ടാക്കണം. സദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘം, ക്ഷേത്രോപദേശക സമിതി അംഗങ്ങൾ, ദേവസ്വം ഉദ്യോഗസ്ഥർ, കൈസ്ഥാനി കുടുംബങ്ങൾ, തന്ത്രി എന്നിവർ ചേർന്ന് ദേവനു മുന്നിൽ എണ്ണപ്പണം സമർപ്പിച്ച് പ്രായശ്ചിത്ത പ്രാർഥന നടത്തണം. 11 പറ അരി ഉപയോഗിച്ച് സദ്യയും വള്ളസദ്യ വിഭവങ്ങളും ദേവനു നേദിച്ച ശേഷം എല്ലാവരും പ്രാർഥനയോടെ കഴിക്കണം.

പിന്നീട് നടയ്ക്കലിൽ ചെന്ന് ഇനി പിഴവുണ്ടാവില്ലെന്നും ആചാരപരമായി സദ്യ നടത്താമെന്നും സത്യം ചെയ്യണം. എല്ലാ പ്രായശ്ചിത്ത ക്രിയകളും പരസ്യമായിരിക്കണം. മന്ത്രിമാരുടെ തിരക്കിനാലാണ് ആദ്യം സദ്യ വിളമ്പിയതെന്നായിരുന്നു പള്ളിയോട സേവാസംഘത്തിന്റെ വിശദീകരണം. തന്ത്രിയുടെ നിർദേശങ്ങൾ നടപ്പാക്കാൻ ദേവസ്വംബോർഡ് തീരുമാനമെടുക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.

More Stories from this section

family-dental
witywide