
റിയാദ്: സൗദി ബാലനെ കൊലപ്പെടുത്തിയ കേസില്‍ റിയാദില്‍ ജയിലില്‍ 18 വര്‍ഷമായി തുടരുന്ന കോഴിക്കോട് സ്വദേശിയായ ഫാറൂഖ് കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചന ഉത്തരവ് ഇന്നുണ്ടാകുമെന്ന് പ്രതീക്ഷ. അഞ്ച് തവണ മാറ്റിവച്ചതിനു ശേഷം അബ്ദുള്‍ റഹീമിന്റെ മോചന കേസ് റിയാദ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
പ്രാദേശിക സമയം രാവിലെ 8 മണിയോടെയാണ് കോടതി കേസ് പരിഗണിക്കുകയെന്നാണ് വിവരം. വിഷത്തില്‍ കോടതിയുടെ ഇന്നത്തെ നിലപാട് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.
സൗദി പൗരനായ ഫൈസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍-ഷഹ്രിയുടെ 15 വയസ്സുള്ള മകന്റെ മരണവുമായി ബന്ധപ്പെട്ട് 2006 ഡിസംബര്‍ 26 നാണ് റഹീമിനെ ജയിലിലടച്ചത്. സൗദി കുടുംബം 34 കോടി രൂപയുടെ ദയാഹര്‍ജി സ്വീകരിച്ച് മാപ്പ് നല്‍കിയതിനെത്തുടര്‍ന്ന് ജൂലൈ 2 ന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. തടവ് ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ഇളവ് ചെയ്താല്‍ മാത്രമേ റഹീമിന് ജയില്‍ മോചിതനാകാന്‍ കഴിയൂ.