കാത്തിരിപ്പും പ്രാർത്ഥനയും ഒരു വർഷം കൂടി നീളും, റിയാദ് കോടതിയുടെ വിധി വന്നു; അബ്ദുൾ റഹീമിന്‍റെ മോചനം ഒരു വർഷം കഴിയും

റിയാദ്: കൊലപാതക കുറ്റത്തിൽ മാപ്പ് തേടി സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം ഈ വർഷം ഉണ്ടാകില്ല. പൊതുഅവകാശ നിയമ പ്രകാരം 20 വര്‍ഷത്തെ തടവിന് കോടതി ശിക്ഷ വിധിച്ചതോടെയാണ് മോചനം അടുത്ത വർഷത്തേക്ക് നീളുന്നത്. നിലവില്‍ 19 വര്‍ഷം ജയിലില്‍ കഴിഞ്ഞ റഹീമിന് ഒരു വര്‍ഷം കൂടി തടവ് ശിക്ഷ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അടുത്ത വര്‍ഷം ഡിസംബറോടു കൂടി ശിക്ഷാ കാലാവധി കഴിയും. 13 തവണ മാറ്റി വെച്ച മോചന ഹർജി ഇന്ന് പരിഗണിച്ച റിയാദ് കോടതിയാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

വധശിക്ഷ കോടതി നേരത്തെ റദ്ദാക്കിയെങ്കിലും മോചന ഉത്തരവ് അനന്തമായി വൈകുകയായിരുന്നു. സൗദി ബാലന്‍ മരിച്ച കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അബ്ദുറഹീമിന്റെ വധശിക്ഷ കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിന് കോടതി റദ്ദാക്കിയിരുന്നു. 34 കോടി രൂപ ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നല്‍കിയതോടെയാണ് കഴിഞ്ഞ ജൂലായ് രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയത്. 2006 ഡിസംബര്‍ 24 നാണ് അബ്ദുറഹീമിന്റെ കൂടെ ജി എം സി വാനില്‍ യാത്ര ചെയ്യുകയായിരുന്ന സൗദി ബാലന്‍ അനസ് മരിച്ചത്. ഷോപ്പിംഗിനായി പുറത്തു പോകുമ്പോള്‍ ട്രാഫിക് സിഗ്നല്‍ മറികടക്കാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുൾ റഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു.

അതേസമയം മോചന ഹർജിയിൽ ഇന്ന് വിധി വന്നതോടെ മകനെ ഒന്ന് കണ്ടാല്‍ മതിയെന്ന് അബ്ദുൾ റഹീമിന്റെ ഉമ്മ ഫാത്തിമ പ്രതികരിച്ചത്. വിധിയില്‍ ആശ്വാസമുണ്ടെന്നും അപ്പീലിനായി ശ്രമിക്കുമെന്നുമാണ് നിയമ സഹായ സമിതി പ്രതികരിച്ചത്.