
കോഴിക്കോട്: റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സെൻട്രലിന്റെ വൊക്കേഷണൽ എക്‌സലൻസ് അവാർഡ് ഡോ. കൃഷ്‌ണ കിഷോറിന് സമ്മാനിച്ചു. മലബാർ പാലസിൽ ഡിസംബർ 22 ന് നടന്ന പ്രൗഢഗംഭീര ചടങ്ങിലാണ് എക്‌സലൻസ് അവാർഡ് സമ്മാനിച്ചത്. 1980-കളുടെ അവസാനത്തിൽ സ്ഥാപിതമായ റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സെൻട്രലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ, ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് ബാലകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കുശൽ അഗർവാൾ സന്നിഹിതനായിരുന്നു.

അന്താരാഷ്ട്ര മാധ്യമ രംഗത്തും വിവിധ കോർപ്പറേറ്റ് മേഖലകളിലും ഡോ. കൃഷ്ണ കിഷോർ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങൾ പരിഗണിച്ചാണ് പുരസ്കാരം സമ്മാനിച്ചിരിക്കുന്നത്. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിലെ സീനിയർ ഡയറക്ടറായ ഡോ. കൃഷ്ണ കിഷോർ, ന്യൂജേഴ്‌സി ഗവർണർ ഫിൽ മർഫി രൂപീകരിച്ച ന്യൂജേഴ്സി-ഇന്ത്യ കമ്മീഷനിലെ അംഗവുമാണ്.

ഇന്ത്യ, ന്യൂജേഴ്സി, അമേരിക്ക എന്നിവ തമ്മിലുള്ള വ്യാപാര-സാംസ്‌കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള കമ്മീഷന്റെ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ സേവനമികവിന്റെ തെളിവാണെന്ന് പ്രസിഡന്റ്റ് പ്രദീപ് ബാലകൃഷ്ണൻ ആമുഖപ്രസംഗത്തിൽ പറഞ്ഞു.

അവാർഡ് ദാനച്ചടങ്ങിനോടനുബന്ധിച്ച് ഡോ. കൃഷ്ണ കിഷോർ മുഖ്യപ്രഭാഷണം നടത്തി. ‘2026-ൽ ലോകം കാത്തിരിക്കുന്ന അഞ്ച് പ്രധാന വാർത്താ തലക്കെട്ടുകൾ’ എന്ന വിഷയത്തിൽ അദ്ദേഹം നടത്തിയ പ്രഭാഷണം ശ്രോതാക്കൾ ശ്രദ്ധാപൂർവ്വം കേട്ടിരുന്നു. ആഗോള ശ്രദ്ധ നേടാൻ പോകുന്ന വിഷയങ്ങളെക്കുറിച്ച് വിശദമായും ആധികാരികമായുമാണ് അദ്ദേഹം സംസാരിച്ചത്.

ഡൊണാൾഡ് ട്രംപിൻ്റെ തുടർഭരണം അമേരിക്കൻ രാഷ്ട്രീയത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ, അമേരിക്കയുടെ ആർട്ടമിസ് ചന്ദ്ര ദൗത്യം, ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്ക് വരാനിരിക്കുന്ന വൻ നിക്ഷേപങ്ങൾ-പ്രത്യേകിച്ച് ഏജന്റ്റിക് എഐയുമായി ബന്ധപ്പെട്ട് 600 ബില്യൺ ഡോളറിലേറെ വരുന്ന നിക്ഷേപങ്ങൾ -ലോകത്ത് വരുത്താനിരിക്കുന്ന മാറ്റങ്ങൾ, റഷ്യ-യുക്രൈൻ യുദ്ധം, ഫിഫ ലോകകപ്പ്, ഇന്ത്യ-അമേരിക്ക വ്യാപാര കരാർ എന്നിവയെക്കുറിച്ചും അദ്ദേഹം ആധികാരികമായി വിശദീകരിച്ചു.

ചടങ്ങ് സജീവമായ സംവാദ വേദിയായി മാറി. അമേരിക്കയിലെ നിലവിലെ ഭരണപ്രക്രിയ, ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ റോട്ടറി അംഗങ്ങളും കോഴിക്കോട് നഗരത്തിലെ പ്രമുഖരും ചോദ്യങ്ങളുമായി പങ്കെടുത്തു. ജന്മനാടായ കോഴിക്കോട് ലഭിച്ച ഈ ആദരവിനും സ്വീകരണത്തിനും ഡോ. കൃഷ്ണ കിഷോർ നന്ദി രേഖപ്പെടുത്തി. റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സെൻട്രൽ സ്ഥാപിതമായ തുടക്കകാലത്ത് തന്നെ, 1988-ൽ റോട്ടറാക്ട് ക്ലബ് ഓഫ് കാലിക്കറ്റ് സെൻട്രലിന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ച അനുഭവവും അദ്ദേഹം ഓർമ്മിച്ചു.
Rotary Club of Calicut Central Presented Vocational Excellence Award to Dr. Krishna Kishore.













