
ഡൽഹി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകൾക്കുള്ള മിനിമം ശരാശരി ബാലൻസ് പരിധി ഗണ്യമായി വർധിപ്പിച്ചു. ഈ മാസം ആദ്യം മുതൽ പുതുതായി അക്കൗണ്ട് തുറക്കുന്ന ഉപഭോക്താക്കൾക്ക് മെട്രോ, നഗര പ്രദേശങ്ങളിൽ 50,000 രൂപ, അർധനഗര മേഖലകളിൽ 25,000 രൂപ, ഗ്രാമീണ മേഖലകളിൽ 10,000 രൂപ എന്നിങ്ങനെയാണ് പുതിയ മിനിമം ബാലൻസ് നിശ്ചയിച്ചിരിക്കുന്നത്. ഈ മാറ്റം സംബന്ധിച്ച വിവരങ്ങൾ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മിനിമം ബാലൻസ് പരിധിയിൽ താഴെപ്പോയാൽ ഉപഭോക്താക്കളിൽ നിന്ന് ബാങ്ക് പിഴ ഈടാക്കും. ആവശ്യമായ ബാലൻസിൽ കുറവുള്ള തുകയുടെ ആറ് ശതമാനമോ 500 രൂപയോ, ഇതിൽ ഏതാണോ കുറവ്, അത് പിഴയായി ഈടാക്കുമെന്ന് ബാങ്ക് അറിയിച്ചു. ഈ പുതിയ നയം ഉപഭോക്താക്കൾക്കിടയിൽ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്, പ്രത്യേകിച്ച് മെട്രോ, നഗര മേഖലകളിലെ ഉപഭോക്താക്കൾക്ക് ഉയർന്ന ബാലൻസ് നിലനിർത്തേണ്ടത് സാമ്പത്തിക ബാധ്യത വർധിപ്പിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.