
റാവൽപിണ്ടി: മുൻ പാകിസ്താൻ പ്രധാനമന്ത്രിയും പിടിഐഐ സ്ഥാപക നേതാവുമായ ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹം വ്യാപകമായതോടെ പാകിസ്താനിൽ വൻ രാഷ്ട്രീയ പ്രക്ഷോഭം ആളിക്കത്തുകയാണ്. 2025 ജനുവരി മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ ഒറ്റത്തലയിൽ കഴിയുന്ന ഇമ്രാൻ ഖാനെ കാണാൻ സഹോദരിമാർക്ക് അനുമതി നിഷേധിച്ചതാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്. ഇതേത്തുടർന്ന് ആയിരക്കണക്കിന് പിടിഐ പ്രവർത്തകരും അനുയായികളും ഇന്നലെ രാത്രി മുതൽ ജയിലിന് മുന്നിൽ തടിച്ചുകൂടുകയും ചിലർ ജയിൽ മതിൽ ചാടിക്കടന്ന് അകത്തേക്ക് കയറാൻ ശ്രമിക്കുകയും ചെയ്തു.
സാമൂഹിക മാധ്യമങ്ങളിൽ “ഇമ്രാൻ ഖാൻ മരിച്ചു” എന്ന തരത്തിലുള്ള പോസ്റ്റുകളും വീഡിയോകളും വ്യാപകമായി പ്രചരിച്ചതോടെ സ്ഥിതി കൂടുത്ത നിയന്ത്രണാതീതമായി. എന്നാൽ ഇമ്രാൻ ഖാന്റെ മരണവാർത്ത സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്ത് ജയിൽ അധികൃതരോ സർക്കാരോ ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. പാകിസ്താൻ ആർമിയും പഞ്ചാബ് പൊലീസും ജയിലിന് ചുറ്റും കനത്ത സുരക്ഷാ വലയം തീർത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ഇമ്രാൻ ഖാന്റെ മൂന്ന് സഹോദരിമാർ പരസ്യമായി ആരോപിച്ചിരുന്നു: “ജയിലിൽ സഹോദരന് ക്രൂര പീഡനമാണ് നേരിടുന്നത്; അദ്ദേഹത്തെ കാണാൻ പോലും അനുവദിക്കുന്നില്ല.” ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മരണ അഭ്യൂഹം ശക്തമായത്. നിലവിൽ ലാഹോർ, ഇസ്ലാമാബാദ്, കറാച്ചി തുടങ്ങിയ നഗരങ്ങളിലും പിടിഐ പ്രവർത്തകർ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്നുണ്ട്.















