
ന്യൂഡൽഹി : നോർവീജിയൻ നൊബേൽ കമ്മിറ്റി ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്ന നോബൽ സമ്മാന പ്രഖ്യാപനത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് റഷ്യയും രംഗത്ത്. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രഖ്യാപനം വരിക. ഇതിനിടെയാണ് റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിൻറ സഹായി യൂറി ഉഷാക്കോവ് പ്രസ്താവന നടത്തിയതായതെന്നാണ് റിപ്പോർട്ടുണ്ട്.
യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്ന് മോസ്കോ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ട്രംപ് വെടിനിർത്തൽ ഉറപ്പാക്കുന്നതിൽ വിജയിച്ചാൽ അദ്ദേഹത്തെ സമാധാന നൊബേലിന് നാമനിർദ്ദേശം ചെയ്യുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാകിസ്താനും ഇസ്രയേലുമടക്കമുള്ള രാജ്യങ്ങളും സമാന ആവശ്യം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, ട്രംപ് സമ്മാനത്തിനായി സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. താൻ അത് അർഹിക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തലും സാധ്യമായതോടെ നോർവീജിയൻ നൊബേൽ കമ്മിറ്റിയിൽ സമ്മർദ്ദം വർദ്ധിച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ, ട്രംപിന്റെ മകൻ എറിക് വ്യാഴാഴ്ച തന്റെ അനുയായികളോട് “@realDonaldTrump സമാധാന നൊബേൽ സമ്മാനത്തിന് അർഹനാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ റീട്വീറ്റ് ചെയ്യുക” എന്ന് പറഞ്ഞൊരു ട്വീറ്റ് നടത്തി. അതേസമയം, വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ട്രംപിന്റെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുകയും അദ്ദേഹത്തെ “ദി പീസ് പ്രസിഡന്റ്” എന്ന് വിളിക്കുകയും ചെയ്തു.